ഇടുക്കി: ഇടുക്കി പൂപ്പാറയില്‍ 16 വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ മൂന്നു പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു.90 വര്‍ഷം തടവും ,നാല്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ . ദേവികുളം അതിവേഗ പോക്സോ കോടതിയാണ് വിധി പ്രസ്താവിച്ചത്.
പ്രതികളായ തമിഴ്നാട് സ്വദേശി സുഗന്ദ്, ശിവകുമാര്‍, പൂപ്പാറ സ്വദേശി ശ്യാം എന്നിവരെയാണ് ശിക്ഷിച്ചത്. ഇവരെ ജയിലേക്ക് മാറ്റുകയും ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍, പോക്സോ നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് ശിക്ഷ. എന്നാല്‍ പ്രതികള്‍ ചെറുപ്പക്കാരാണ് എന്നത് കൊണ്ട് കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. കോടതി ഈ ആവശ്യം പരിഗണിച്ചില്ല. വിവിധ വകുപ്പുകള്‍ പ്രകാരം മൊത്തം 90 വര്‍ഷമാണ് തടവ്. ശിക്ഷകളെല്ലാം 25 വര്‍ഷം ഒന്നിച്ചനുഭവിച്ചാല്‍ മതി.
കേസില്‍ പ്രതികള്‍ കുറ്റക്കാരാണന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കേസില്‍ ആകെ ആറുപ്രതികളാണ് ഉണ്ടായിരുന്നത്. അതില്‍ പ്രായപൂര്‍ത്തിയായ മൂന്ന് പ്രതികള്‍ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ് .ഇവരുടെ കേസ് തൊടുപുഴ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് പരിഗണിക്കുന്നത്. കേസില്‍ തെളിവുകളുടെ അഭാവത്തില്‍ ഒരാളെ ഇന്നലെ വെറുതവിട്ടിരുന്നു.
2022 മെയ് 29ന് വൈകിട്ടാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ പതിനാറുകാരിയെ പൂപ്പാറയിലെ തേയിലത്തോട്ടത്തില്‍ വച്ച് പ്രതികള്‍ കൂട്ട ബലാത്സംഗം ചെയ്തത്. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തില്‍ ഇരിക്കുകയായിരുന്നു പതിനാറുകാരി. ആറ് പേര് വരുകയും സുഹൃത്തിനെ മര്‍ദ്ദിക്കുകയും ചെയ്തു. ശേഷം പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു .












