എറണാകുളം : ഇന്നലെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും കഞ്ചാവുമായി റെയിൽവേ പോലീസ് പിടികൂടിയ പ്രതികൾ എക്സൈസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയതായി പരാതി. ഇന്നലെ വൈകിട്ടായിരുന്നു സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും 3.240 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ റെയിൽവേ പോലീസ് പിടികൂടിയിരുന്നത്. തുടർന്ന് പ്രതികളെ എക്സൈസിന് കൈമാറുകയായിരുന്നു.
കൊല്ലം ഇരവിപുരം പെരുമാതുളി നൗഷാദിന്റെ മകൻ സയിദ് അലി (22), കൊല്ലം തട്ടമല വടക്കേ പാലുകള സുധീറിന്റെ മകൻ യാസീൻ (21) എന്നിവരെയായിരുന്നു ഇന്നലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് കഞ്ചാവുമായി പിടികൂടിയിരുന്നത്. ഷാലിമാർ-തിരുവനന്തപുരം ട്രെയിൻ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ വന്നു നിന്ന സമയം ബാഗ് ധരിച്ച് നിലയിൽ സംശയാസ്പദമായി കണ്ടെത്തിയതിനെ തുടർന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് നടത്തിയ പരിശോധനയിലാണ് പ്രതികളിൽ നിന്നും 3.240 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്.
കഞ്ചാവുമായി പിടികൂടിയ സയിദ് അലിയെയും യാസിനെയും റെയിൽവേ പോലീസ് എറണാകുളം എക്സൈസ് റേഞ്ച് ഓഫീസിനെ ഏൽപ്പിക്കുകയായിരുന്നു. എക്സൈസ് കസ്റ്റഡിയിൽ ഉണ്ടായിരുന്ന പ്രതികൾ ഇന്ന് രാവിലെ കൊച്ചിയിലെ കച്ചേരിപ്പടിയിലുള്ള എക്സൈസ് കമ്മീഷണർ ഓഫീസിൽ നിന്നും ചാടിപ്പോയതായാണ് പറയപ്പെടുന്നത്. രാവിലെ ആറുമണിയോടെയാണ് ഇവരെ കാണാതായത്. ലോക്കപ്പിൽ പാർപ്പിച്ചിരുന്ന പ്രതികൾ എങ്ങനെയാണ് പുറത്ത് കടന്നത് എന്ന് വ്യക്തമല്ല. ഇവർ റേഞ്ച് ഓഫീസിൽ നിന്നും നടന്നുപോവുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കാര്യക്ഷമമായി അന്വേഷണം നടത്തുമെന്നും രക്ഷപ്പെടാൻ പ്രതികളെ സഹായിച്ചവർക്കെതിരെ നടപടി ഉണ്ടാകും എന്നും പോലീസ് സൂചിപ്പിച്ചു.












