പാലക്കാട് : വെറ്റിനറി സർവകലാശാലയിൽ നിന്നും അനധികൃതമായി മരങ്ങൾ മുറിച്ചു കടത്തിയവർക്കെതിരെ പോലീസ് കേസെടുത്തു. ആഞ്ഞിലി, പാല, മരുത് വെന്തേക്ക്, താന്നി തുടങ്ങിയ പതിനൊന്നോളം വൻ മരങ്ങളാണ് മുറിച്ചു കടത്തിയത്. വെറ്റിനറി സർവകലാശാലയുടെ ലൈവ്സ്റ്റോക്ക് റിസർച്ച് സ്റ്റേഷൻ വളപ്പിൽ നിന്നാണ് മരങ്ങൾ മുറിച്ചു കടത്തിയത്.
മണ്ണാർക്കാട് തിരുവിഴാംകുന്നിൽ ആണ് വെറ്റിനറി സർവകലാശാലയുടെ ലൈഫ് സ്റ്റോക്കർ റിസർച്ച് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. ഈ ക്യാമ്പസിലെ വീണു കിടക്കുന്നതും അപകട ഭീഷണിയുള്ളതുമായ മരങ്ങൾ മുറിച്ചു മാറ്റുന്നതിനായി ലേലം ചെയ്തിരുന്നു. മൂന്നുലക്ഷം രൂപയ്ക്കാണ് ഈ മരങ്ങൾക്ക് കച്ചവടം നടത്തിയിരുന്നത്. എന്നാൽ മരം മുറിക്കാൻ എത്തിയ ആൾ ഈ മരങ്ങളോടൊപ്പം വളപ്പിൽ ഉണ്ടായിരുന്ന 11 മരങ്ങളും കൂടി മുറിച്ച് കടത്തി എന്നാണ് പരാതി.
മരങ്ങൾ ലേലത്തിന് എടുത്ത അലനല്ലൂർ ചോലംപറമ്പിൽ സജിത്ത് മോൻ, ലുക്മാൻ, ഹുസൈൻ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. മണ്ണാർക്കാട് പോലീസ് ആണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വെറ്റിനറി സർവകലാശാല ലൈവ്സ്റ്റോക്ക് റിസർച്ച് സ്റ്റേഷൻ അസിസ്റ്റന്റ് പ്രൊഫസർ ആയ പ്രസാദിന്റെ പരാതിയെ തുടർന്നാണ് അനധികൃതമായി മരം മുറിച്ചു കടത്തിയതിന് പോലീസ് കേസെടുത്തിട്ടുള്ളത്.












