തിരുവനന്തപുരം: കേരളത്തില്‍ കടുത്ത ചൂട് കുറച്ചുനാളുകള്‍ കൂടി തുടരുമെന്ന് കാലാവസ്ഥ വിദഗ്ധര്‍. തെക്കുകിഴക്കന്‍ അറബിക്കടലില്‍ സമുദ്രതാപനില വര്‍ധിച്ചിരിക്കുന്നതാണ് ചൂട് കൂടാന്‍ കാരണം. സമുദ്രതാപനില 1.5 ഡിഗ്രിയാണ് കൂടിയിരിക്കുന്നത്. കടലില്‍ നിന്ന് വീശുന്ന ഉഷ്ണകാറ്റും കരയില്‍ ചൂട് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി.
ഇന്നലെ ശരാശരി താപനില 35 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ 38 ഡിഗ്രി വരെ താപനില വര്‍ധിക്കും. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ 38-40 ഡിഗ്രി സെല്‍ഷ്യസ് താപനില എല്ലാ ജില്ലകളിലും പ്രതീക്ഷിക്കാമെന്നും പ്രവചനത്തില്‍ പറയുന്നു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഈ തവണ ചൂട് കൂടിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലേതിനേക്കാള്‍ ഒന്നു മുതല്‍ 2 ഡിഗ്രിവരെ ചൂട് ഈ വര്‍ഷം കൂടിയിട്ടുണ്ട്.
കൂടാതെ ഈ മാസം മഴ പെയ്യാന്‍ സാധ്യതയില്ലെന്നും കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വേനല്‍ മഴ ലഭിക്കുമെങ്കിലും സാധാരണ ലഭിക്കുന്നതിലും കുറവായിരിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.












