എറണാകുളം: തൃപ്പൂണിത്തറ പുതിയകാവിൽ പടക്ക സംഭരണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ വീടിന് നാശനഷ്ട്ടമുണ്ടായതിന്റെ വേദനയിലാണ് ശ്രീനാഥും കുടുംബവും. ഗൃഹപ്രവേശനത്തിന്റെ പിറ്റേന്നുതന്നെയാണ വീട് തകർന്നത്. ഞായറാഴ്ചയായിരുന്നു ആഘോഷപരമായി ഗൃഹപ്രവേശനം നടത്തിയത്. സ്ഫോടനം ഉണ്ടായ പടക്കശാലയുടെ അടുത്തായിരുന്നു ഇവരുടെ വീട്. ഒന്ന് അന്തിയുറങ്ങാൻ പോലും പറ്റാത്ത വിധത്തിലാണ് പൊട്ടിത്തെറിയിൽ വീടിന് നാശനഷ്ടമുണ്ടായത്.
‘വീടിന്റെ അകത്തും പുറത്തുമെല്ലാം ജനൽച്ചില്ലുകൾ പൊട്ടിച്ചിതറിക്കിടക്കുകയാണ്. ബാൽക്കണിയിലെ വാതിലിന്റെ പൂട്ട് തകർന്നു. ബാൽക്കണിയിലെ ഗ്ലാസും പൊട്ടിത്തകർന്നു. വീടിന്റെ കട്ടിളയുടെ ഒരു ഭാഗം ഉൾപ്പെടെ അടർന്നു വീണു. മുപ്പതിലേറെ ജനലുകൾ തകർന്നു. നാലു ബാത്റൂമുകൾ വാതിലുകൾ അടയ്ക്കാൻ പറ്റാത്ത വിധം നാശമായതായും’ ശ്രീനാഥ് പറഞ്ഞു. പഴയ വീട് പൊളിച്ച് ഒരുപാട് നാളത്തെ ആഗ്രഹത്തിനൊത്താണ് വീട് വെച്ചത്. ഫെബ്രുവരി 15 ഓടെ പുതിയ വീട്ടിലേക്ക് താമസം മാറ്റാനാണ് തീരുമാനിച്ചിരുന്നത്. വീടു തകർന്നതോടെ വീണ്ടും വാടക വീടിനെ ആശ്രയിക്കേണ്ട അവസ്ഥയായി. ലോൺ എടുത്താണ് വീടു പണി നടത്തിയത്. ചില ജോലികൾ ഇനിയും പൂർത്തിയായിരുന്നില്ല എന്നും ശ്രീനാഥ് കൂട്ടിച്ചേർത്തു.
സ്ഫോടനത്തിൽ 270 വീടുകൾക്ക് കേടുപാട് പറ്റിയെന്നാണ് കണക്ക്. എട്ട് വീടുകൾ പൂർണമായി തകർന്ന അവസ്ഥയിലാണ്. 40 വീടുകൾക്ക് ബലക്ഷമുണ്ടായി. സ്ഫോടനത്തിൽ രണ്ടുപേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.












