എറണാകുളം: ചരിത്രപ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴൽ ഇന്ന്. ഒന്നര ലക്ഷത്താളം ഭക്തരാണ് ഇന്ന് ചോറ്റാനിക്കരയിൽ മകം തൊഴാനെത്തുക. ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി 10. 30 വരെയാണ് മകം തൊഴൽ. രാവിലെ 5.30 ഓടെ ചടങ്ങുകൾക്ക് തുടക്കമായി. മകം തൊഴലിനായി എത്തുന്ന ഭക്തർക്ക് സുഗമമായ ദർശനത്തിനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
കുംഭത്തിൽ മകം നക്ഷത്രം വരുന്ന ദിവസമാണ് മകം തൊഴൽ ആഘോഷിക്കുന്നത്. സ്ത്രീകളാണ് കൂടുതലായും മകം തൊഴാനെത്തുക. മകം തൊഴൽ ദിവസം ദേവിയെ ദർശിച്ചാൽ ആഗ്രഹ സഫലീകരണം ഉണ്ടാകുമെന്നാണ് വിശ്വാസം.
മകം തൊഴൽ ദിവസം രാവിലെ ആറാട്ടിനായി ദേവിയുടെ മൂർത്തിയെ പുറത്തെടുക്കും. അവിടെ നിന്നും ധർമ്മ ശാസ്താവും പതിനൊന്ന് ആനകളും അനുഗമിച്ച് പൂരപ്പറമ്പിലെത്തും. ഉച്ചവരെ അവിടെ തങ്ങുന്ന ദേവി ഉച്ചക്ക് മണിയോടെ സങ്കേതത്തിമലക്ക് മടങ്ങുകയും രണ്ട് മണിയോടെ മകം തൊഴലിനായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.
നൂറ്റാണ്ടുകൾക്ക് മുൻപ് ഇതുപോലൊരു മകം നാളിൽ വില്വമംഗലം സ്വാമി ചോറ്റാനിക്കരയിലെത്തിയിരുന്നു. അന്ന് രാത്രി ചോറ്റനിക്കര ദേവി വില്വമംഗലത്തിന് സ്വപ്ന ദർശനം നൽകിയെന്നാണ് വിശ്വാസം. സ്വപ്നദർശനത്തിൽ കിഴക്കേ കുളത്തിൽ തന്റൈ ഒരു വിഗ്രഹം കിടക്കുന്നുണ്ടെന്നും അത് കീഴ്ക്കാവിൽ കൊണ്ട് പോയി പ്രതിഷ്ഠ നടത്തണമെന്നും ദേവി അരുൾ ചെയ്തു. തന്റെ രൗദ്ര ഭാവം മൂലം ഭക്തർക്ക് വിഷമം ഉണ്ടാകുന്നുവെന്നും അതിനാൽ തന്നെ രൗദ്ര ഭാവം കുറച്ച് സാത്വിക ഭാവം നിറയ്ക്കാനായി തന്നിലെ ഭദ്രകാളി ചൈതന്യത്തെ കീഴ്ക്കാവിലേക്ക് ആവാഹിക്കണമെന്നും ദേവി വില്വമംഗലത്തോട് പറഞ്ഞു. അങ്ങനെയാണ് മേൽക്കാവിൽ സാത്വിക രൂപവും കീഴ്ക്കാവിൽ രൗദ്ര രൂപവും ദേവി കൈക്കൊണ്ടത്.
വില്വമംഗലത്തിന് ദർശനം കൊടുത്ത ദിവസമാണ് മകം തൊഴലായി ആഘോഷിച്ചു പോരുന്നത്. മഹാവിഷ്ണു സമേതയായി ആണ് ദേവി മേൽക്കാവിൽ ഇരിക്കുന്നത്. അതുകൊണ്ടാണ് ചോറ്റാനിക്കരയിൽ അമ്മേ നാരായണ എന്നു ചേർത്ത് പ്രാർത്ഥിക്കുന്നത്.












