കോട്ടയം : പള്ളി മുറ്റത്ത് അതിക്രമിച്ച് കയറി വികാരി ഫാ. ജോസഫ് ആറ്റുചാലിനെ അപകടപ്പെടുത്താൻ ശ്രമിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിലാണ് സംഭവം. ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ടാണ് ക്രൈസ്തവ സംഘടനകൾ പ്രതിഷേധിക്കുന്നത്. കഴിഞ്ഞ ദിവസം ആരാധന തടസ്സപ്പെടുത്തും വിധം കാറും ഇരുചക്ര വാഹനങ്ങളുമായി കടന്നുകയറി അഭ്യാസപ്രകടനം നടത്തിയാണ് വികാരിയെ അപകടപ്പെടുത്താൻ ശ്രമിച്ചത്.
പ്രതിഷേധം ശക്തമായതോടെ ശനിയാഴ്ച 27 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത 10 പേരെ ഏറ്റുമാനൂർ ജുവനൈൽ കോടതിയിൽ ഹാജരാക്കി. ഇവരെ തിരുവഞ്ചൂർ ജുവനൈൽ ഹോമിലേക്ക് മാറ്റി. മറ്റു 17 പേരെ ചങ്ങനാശ്ശേരിയിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പിടിയിലായവരുടെ പേരുവിവരം പുറത്തുവിടാൻ പോലീസ് തയാറായിട്ടില്ല.അക്രമത്തിന് പിന്നിൽ ഒരു മതവിഭാഗത്തിൽപെട്ടവർ മാത്രമല്ലെന്നാണ് പോലീസ് പറയുന്നത്. തെറ്റായവിവരം പ്രചരിപ്പിച്ച പോലീസിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. യാദൃച്ഛികമായി നടന്ന സംഭവമെന്ന് വരുത്താനാണ് പോലീസ് ശ്രമിക്കുന്നതെന്നും വിശ്വാസ കൂട്ടായ്മകൾ പറഞ്ഞു.
പള്ളിമുറ്റത്തെ ഗ്രൗണ്ട് അഭ്യാസത്തിനായി തെരഞ്ഞെടുത്തത് ആസൂത്രിത കോപ്പുകൂട്ടലാണെന്ന് വിശ്വാസ കൂട്ടായ്മകൾ പറയുന്നത്. കൂടാതെ ഞായറാഴ്ചകളിൽ മതബോധന ക്ലാസുകൾക്ക് ശേഷം മടങ്ങുന്ന പെൺകുട്ടികളെയുൾപ്പെടെയുള്ളവരെ ശല്യം ചെയ്യുന്നത് പതിവാണെന്നും ക്രൈസ്തവ നേതൃത്വം പറയുന്നു.












