എറണാകുളം: കടുത്ത ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോൾ ശ്വാസകോശത്തിൽ കണ്ടെത്തിയത് പാറ്റ. 55 കാരന്റെ ശ്വാസകോശത്തിൽ നിന്ന് നീക്കിയത് നാല് സെന്റിമീറ്ററോളം നീളമുള്ള പാറ്റയെയാണ്. വ്യാഴാഴ്ചയാണ് അപൂർവ സംഭവം നടന്നത്.
ശ്വാസനാളിയിൽ എന്തോ കയറിപ്പോയെന്ന് തോന്നുകയും പിന്നാലെ ശ്വാസതടസം അനുഭവപ്പെടുകയും ചെയ്തതോടെയാണ് 55 കാരൻ കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സ തേടിയത്. പിന്നീട് എക്സ റേ എടുത്ത് നോക്കിയെങ്കിലും ഒന്നും തന്നെ കാണാൻ സാധിച്ചില്ല. പിന്നാലെ ഇഎൻടി വിഭാഗം ബ്രോങ്കോസ്പി നടത്തിയപ്പോളാണ് വിവരം പുറത്ത് അറിഞ്ഞത്.
ശ്വസന സംബന്ധിയായ തകരാറുള്ള രോഗിയാണ് ഇയാൾ. ഓക്സിജൻ നൽകുന്നതിനായി കഴുത്ത് തുളച്ച് ട്യൂബ് ഇട്ടിട്ടുണ്ട്. ശ്വസന സഹായത്തിനായി ഇട്ട ട്യൂബ് അടയ്ക്കാൻ മറന്ന് പോവുകയോ മറ്റോ ചെയ്തതാവാം പാറ്റ ശ്വാസകോശത്തിലെത്തിയതെന്നാണ് ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നത്.
ശ്വാസതടസം അനുഭവപ്പെട്ട് ഏകദേശം എട്ട് മണിക്കൂറോളം പിന്നിട്ട ശേഷമാണ് ശ്വാസകോശത്തിൽ നിന്ന് പാറ്റയെ പുറത്തെടുത്തത്. ഈ സമയത്തിനുള്ളിൽ പൊടിയാൻ തുടങ്ങുന്ന അവസ്ഥയിലായിരുന്നു പാറ്റയുണ്ടായിരുന്നത് എന്ന് ഡോക്ടർ പറഞ്ഞു. ഇന്റർവെൻഷണൽ പൾമണോളജി വിഭാഗം മേധാവി ഡോ ടിങ്കു ജോസഫിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് 55 കാരന്റെ ഇടത്തേ ശ്വാസകോശത്തിൽ നിന്ന് പാറ്റയെ നീക്കം ചെയ്തത്. ശസ്ത്രക്രിയക്ക് ശേഷം 55 കാരൻ ആശുപത്രി വിട്ടതായും ഡോക്ടർ വ്യക്തമാക്കി.











