ഇടുക്കി: ഇടുക്കി ജില്ലയിലെ പുല്ലുപാറക്ക് സമീപം കെ എസ് ആർ ടി സി ബസ് കൊക്കയിലേക്ക് മറിഞ്ഞു. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് മറിഞ്ഞത് . അതേസമയം അപകടത്തിൽ പെട്ട ബസ്സിൽ നിന്നും യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ് . അപകടത്തിൻ്റെ പൂർണ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്ന വഴിയിലാണ് അപകടം ഉണ്ടായതെന്നാണ് അറിയാൻ കഴിയുന്നത് . വളവിൽവെച്ച് ബസ് നിയന്ത്രണം വിട്ട് 30 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു . എന്നാൽ മരങ്ങളിൽ തട്ടി ബസ് നിന്നു. 34 യാത്രക്കാരും രണ്ട് ജീവനക്കാരും ബസിലുണ്ടായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം നടന്നത് .
കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിൽ കൊടും വളവുകൾ നിറഞ്ഞ റോഡിൽ ഒരു ഭാഗം കൊക്കയാണ്. ബ്രേക്ക് പൊട്ടി വാഹനം അപകടത്തിൽപെട്ടെന്നാണ് ലഭിക്കുന്ന വിവരം.
നിലവിൽ പീരുമേടിൽ നിന്നും മുണ്ടക്കയത്ത് നിന്നും ഫയർ ഫോഴ്സും, ഹൈവേ പോലീസും മോട്ടോർ വാഹന വിഭാഗവും പുറപ്പെട്ടിട്ടുണ്ട് എന്നാണ് അറിവ്.












