വീടുവെക്കാനായി മണ്ണെടുക്കാൻ സിപിഐഎം പ്രാദേശിക നേതാക്കൾ കൈക്കൂലി ആവശ്യപ്പെട്ടെന്ന ഗുരുതര ആരോപണത്തിന് പിന്നാലെ പത്തനംതിട്ടയിൽ പാർട്ടിയിൽ വൻ പൊട്ടിത്തെറി. സിപിഐഎം പരിയാരം ലോക്കൽ കമ്മിറ്റിക്കും പ്രവർത്തകർക്കും എതിരെയാണ് കൈക്കൂലി ആരോപണം ഉയർന്നിരിക്കുന്നത്. ഇലന്തൂർ വരട്ടുചിറയിൽ സ്വന്തം പുരയിടത്തിൽ നിന്ന് വീടുവെക്കുന്നതിനായി മണ്ണെടുക്കാൻ അനുവദിക്കണമെങ്കിൽ 25,000 രൂപ കൈക്കൂലി നൽകണമെന്ന് പാർട്ടി പ്രവർത്തകർ ആവശ്യപ്പെട്ടതായാണ് പരാതി.
ഇതിൽ പ്രതിഷേധിച്ച് സജീവ സിപിഐഎം പ്രവർത്തകനായ ബാബുവും കുടുംബവും ഉൾപ്പെടെ പ്രദേശത്തെ 25 കുടുംബങ്ങളാണ് പാർട്ടി അംഗത്വം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നത്. സിപിഐഎമ്മിന് കടുത്ത രാഷ്ട്രീയ സ്വാധീനമുള്ള മേഖലയിലാണ് ഈ വൻ തിരിച്ചടി ഉണ്ടായിരിക്കുന്നത്. ബിജെപി ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ പാർട്ടി വിട്ടെത്തിയ കുടുംബങ്ങൾക്ക് ഊഷ്മളമായ സ്വീകരണം നൽകുകയും പ്രദേശത്ത് പുതിയ ബിജെപി യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
സാധാരണക്കാരായ ആളുകൾ സ്വന്തമായി വീടുവെക്കാൻ ശ്രമിക്കുമ്പോൾ പോലും പ്രാദേശിക നേതാക്കൾ വൻ തുക പപ്പണം ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്ന് പാർട്ടി വിട്ടവർ വ്യക്തമാക്കി. സംഭവം പ്രാദേശികമായി കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയതോടെ വിഷയത്തിൽ ആഭ്യന്തര അന്വേഷണം നടത്തുമെന്ന് സിപിഐഎം നേതൃത്വം അറിയിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പടക്കം മുന്നിൽനിൽക്കെ സിപിഐഎം കോട്ടയിൽ വീണ ഈ വിള്ളൽ പ്രാദേശിക നേതൃത്വത്തെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.












