തിരുവനന്തപുരം; കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പറഞ്ഞത് വസ്തുതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമായി മാറിക്കഴിഞ്ഞു. വ്യവസായ വകുപ്പിനെ പ്രശംസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പറഞ്ഞത് വസ്തുതയാണെന്നുമാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്.
പൊതുവായുള്ള ഒരു ലേഖനത്തിലാണ് സംസ്ഥാന വ്യവസായ വകുപ്പിനെ പ്രശംസിച്ച് തരൂര്‍ ഒരു സൂചന നൽകിയത്. ഐ.ടി വികസനത്തിന്റെ കണക്ക് എടുത്താല്‍ വലിയ വികാസം കേരളം നേടി എന്നാണ് ശശിതരൂർ ലേഖനത്തിൽ ചൂണ്ടിക്കാട്ടിയത്.
‘ചെയ്ഞ്ചിങ് കേരള;ലംബറിങ് ജമ്പോ റ്റു എ ലൈത് ടൈഗർ’ എന്ന തലക്കെട്ടിൽ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ ആയിരുന്നു തരൂരിൻറെ ലേഖനം.
വിഷയം ചർച്ചയായെങ്കിലും പറഞ്ഞ പ്രസ്താവനയിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും ശശിതരൂർ ആവർത്തിച്ചു. വ്യവസായ വകുപ്പിനെ പ്രശംസിച്ചതില്‍ ഉറച്ച് നില്‍ക്കുന്നു. നല്ലത് നല്ലതെന്ന് പറയണം. നല്ലത് ചെയ്താല്‍ അത് ചൂണ്ടിക്കാണിക്കുന്നത് തന്റെ രീതിയാണ്. ഭാവി മുന്നില്‍കണ്ട് രാഷ്ട്രീയത്തിന് അതീതമായി ചിലത് നമുക്ക് കാണാന്‍ പറ്റണം. രാഷ്ട്രീയത്തിന് അതീതമായി എല്ലാ പാര്‍ട്ടികളും വികസനത്തെ കാണണം.
പ്രധാനമന്ത്രി മോദിയുടെ യുഎസ് സന്ദർശനത്തെ പുകഴ്ത്തിയും ശശി തരൂർ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയെ കാണാന്‍ ട്രംപ് തയാറായത് രാജ്യത്തിനുള്ള അംഗീകാരമാണ്. വിദേശകാര്യത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ രാജ്യം മാത്രമാകണം മനസ്സിൽ. ‘മോദിയോട് വിലപേശല് എളുപ്പമല്ല. അക്കാര്യത്തില് അദ്ദേഹം എന്നേക്കാളും കടുപ്പക്കാരനും മെച്ചപ്പെട്ടയാളുമാണ്’ എന്നായിരുന്നു ട്രംപിന്റെ പുകഴ്ത്തല്. ഇത് ചൂണ്ടിക്കാട്ടി ട്രംപ് അങ്ങനെ ഇന്ത്യൻ പ്രധാനമന്ത്രിയെ കുറിച്ച് പറഞ്ഞുവെങ്കില് അത് വെറുതെയാവില്ലെന്നും ശുഭമായതെന്തോ സംഭവിച്ചിട്ടുണ്ടെന്നും ആയിരുന്നു ശശി തരൂരിൻറെ മറുപടി.











