പശ്ചിമേഷ്യൻ മേഖലയെ ആശങ്കയിലാഴ്ത്തി ചെങ്കടലിലെ പ്രമുഖ സമുദ്രപാതകളുടെ നിയന്ത്രണം ഹൂതി വിമതർ പൂർണ്ണമായും കൈക്കലാക്കിയതായി ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. മേഖലയിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകളുടെ സുരക്ഷിതമായ യാത്ര ഇനി ഹൂതികൾ നൽകുന്ന പ്രത്യേക അനുമതിയെ (ഇ-മെയിൽ സന്ദേശങ്ങൾ) ആശ്രയിച്ചായിരിക്കുമെന്നാണ് വോൾ സ്ട്രീറ്റ് ജേണൽ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ആക്രമണം കടുപ്പിച്ച ഹൂതികൾ,ഇപ്പോൾ കപ്പൽ കമ്പനികളുമായി നേരിട്ട് ഇ-മെയിൽ വഴി ബന്ധപ്പെട്ട് യാത്രാാനുമതി നൽകുന്ന സംവിധാനമാണ് നടപ്പിലാക്കിയിരിക്കുന്നത്. ഹൂതികളും വിവിധ അന്താരാഷ്ട്ര കപ്പൽ കമ്പനികളുടെ പ്രതിനിധികളും തമ്മിൽ കൈമാറിയ സുപ്രധാന ഇ-മെയിൽ സന്ദേശങ്ങളുടെ പകർപ്പുകളും വോൾ സ്ട്രീറ്റ് ജേണൽ പുറത്തുവിട്ടിട്ടുണ്ട്. ഇതോടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാരാതിർത്തികളിലൊന്നായ ബാബ് എൽ-മന്തെബ് ഇടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം വൻ പ്രതിസന്ധിയിലായിരിക്കുകയാണ്. അമേരിക്ക ഉൾപ്പെടെയുള്ള വൻശക്തി രാജ്യങ്ങളുടെ സൈനിക സാന്നിധ്യവും പട്രോളിംഗും നിലനിൽക്കെയാണ് ഹൂതി വിമതരുടെ ഈ നിർണ്ണായക നീക്കം.
അതേസമയം, പശ്ചിമേഷ്യയിൽ സംഘർഷ സാധ്യത വർദ്ധിപ്പിച്ചുകൊണ്ട് അതിർത്തി മേഖലകളിൽ സൈന്യത്തെ വിന്യസിക്കാൻ സിറിയയും ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. ഗാസയിലെയും ലെബനനിലെയും സംഘർഷങ്ങൾ വൻ യുദ്ധത്തിലേക്ക് വഴിമാറുന്നതിനിടെ സിറിയയും സൈനികമായി രംഗത്തിറങ്ങുന്നത് മേഖലയിലെ സമാധാന അന്തരീക്ഷം കൂടുതൽ സങ്കീർണ്ണമാക്കും. സുയസ് കനാൽ വഴിയുള്ള ആഗോള വ്യാപാരത്തെയും ഇന്ധന വിലയെയും ഒരുപോലെ ബാധിക്കുന്ന ഈ നീക്കങ്ങൾ ലോകരാഷ്ട്രങ്ങളെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.












