സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത് 55 -ാം വയസിൽ മണാലിയിലേക്ക് യാത്ര പോയ നഫീസുമ്മയെ കുറിച്ചാണ്. മണാലി യാത്രയെ വിമർശിച്ച് സമസ്ത എ പി വിഭാഗം പണ്ഡിതനും സുന്നി വോയ്സ് എഡിറ്ററുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി പ്രസംഗം നടത്തിയിരുന്നു. ഇത് വൻ വിവാവാദമാണ് സൃഷ്ടിച്ചത്. എന്നാൽ നഫീസുമ്മയ്ക്ക് സോഷ്യൽ മീഡിയ വൻ പിന്തുണയാണ് നൽകുന്നത്.
25 വർഷം മുൻപ് ഭർത്താവ് മരിച്ച ഒരു സ്ത്രീ ദിഖ്റും സ്വലാത്തും ചൊല്ലി ഏതെങ്കിലും മൂലയിലിരുക്കുന്നതിന് പകരം ഏതോ നാട്ടിൽ പോയി മഞ്ഞിൽ കളിക്കുകയാണെന്നും , വിധവകൾ വീട്ടിലിരിക്കണമെന്നുമായിരുന്നു ഇബ്രാഹിം സഖാഫിയുട വിവാദ പരാമർശം. ഇങ്ങനെ വിധവകൾ വിനോദയാത്രയ്ക്ക് പോയി വീഡിയോ ഇടുന്നത് തെറ്റാണെന്നും മതപണ്ഡിതൻ പറഞ്ഞിരുന്നു .
എന്നാൽ ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് നഫീസുമ്മയുടെ മകൾ ജിഫാന. അദ്ദേഹത്തിന്റെ പ്രസംഗം സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ നഫീസുമ്മയ്ക്ക് മാനസികപ്രയാസം കാരണം വീടിന് പുറത്തിറങ്ങാനാവുന്നില്ലെന്നും ഉമ്മ എന്ത് തെറ്റാണ് ചെയ്തതെന്നും ചോദിക്കുകയാണ് മകൾ . 25 വർഷം മുൻപ് ഭർത്താവ് മരിച്ച സ്ത്രീകൾക്ക് ലോകം ചുറ്റാൻ അവകാശം ഇല്ലേ…? എന്ന് ജിഫാന ചോദിക്കുന്നു.
കഴിഞ്ഞ ഡിസംബറിലാണ് ഞാനും ഉമ്മയും മണാലിയിലേക്ക് പോയത്. ഉമ്മ ആദ്യമായാണ് ഇത്രയധികം മഞ്ഞ് എല്ലാം കാണുന്നത്. ഈ സന്തോഷത്തിൽ ഞങ്ങൾ ഒരു റീൽ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇതിനെതിരെയാണ് മതപണ്ഡിതൻ വിമർശനവുമായി രംഗത്ത് വന്നത്. ഇതോടെ ഉമ്മയ്ക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാനോ മരണവീട്ടിൽപോലും പോകാനോ പറ്റുന്നില്ല. എല്ലാവരും പണ്ഡിതന്റെ പ്രഭാഷണത്തെ കുറിച്ച് പറയുന്നത് ഉമ്മയെ മാനസികമായി തളർത്തി’-ജിഫാന പറയുന്നു. ഒരു പ്രഭാഷണത്തിലൂടെ തകർത്തത് ഒരു കുടുംബത്തിന്റെ സമാധാനമാണെന്നും ജിഫാന ചൂണ്ടിക്കാട്ടി.











