ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സ്വദേശിനിയായ നിത്യ രാമൻ നേടിയ ചരിത്രവിജയത്തെ തുടർന്ന് ഇന്ത്യൻ സിറ്റി മേയർമാരുടെയും അമേരിക്കൻ മേയർമാരുടെയും അധികാരങ്ങളെ ചൊല്ലിയുള്ള ചർച്ചകൾ സജീവമാകുന്നു. മേയർ കാരൻ ബാസിനെ പരാജയപ്പെടുത്തിയാണ് നിത്യ രാമൻ ലോസ് ആഞ്ചലസ് മേയറാകുന്ന ആദ്യ ഏഷ്യൻ വംശജയെന്ന നേട്ടം കൈവരിച്ചത്. ന്യുയോർക്കിൽ സോഹ്റാൻ മമദാനി ഭരണം കൈയാളുന്നതിന് പിന്നാലെ ലോസ് ആഞ്ചലസിലും ഒരു ഇന്ത്യൻ വംശജ അധികാരത്തിൽ എത്തിയത് യു.എസ് രാഷ്ട്രീയത്തിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.
നിത്യ രാമന്റെ ചരിത്രവിജയത്തെ അഭിനന്ദിച്ച് കോൺഗ്രസ് എം.പി ശശി തരൂർ രംഗത്തെത്തി. തിരുവനന്തപുരത്തിന്റെ മകളായ നിത്യ രാമനും ന്യുയോർക്ക് മേയർ സോഹ്റാൻ മമദാനിക്കും തങ്ങളുടെ നഗരങ്ങളിൽ മികച്ച ഭരണം കാഴ്ചവെക്കാൻ സാധിക്കുമെന്ന് തരൂർ പ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ ഇതോടൊപ്പം ഇന്ത്യയിലെയും യു.എസിലെയും മേയർമാരുടെ അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമർശമാണ് തരംഗമാകുന്നത്. ബ്രിട്ടീഷ് അഡ്മിനിസ്ട്രേറ്റീവ് കാലഘട്ടത്തിലെ അധികാര വിഭജന രീതി പിന്തുടരുന്നതിനാൽ ഇന്ത്യയിലെ മേയർമാർക്ക് ബജറ്റും പൂർണ്ണമായ തീരുമാനമെടുക്കാനുള്ള അധികാരവുമില്ലെന്നും, എന്നാൽ അമേരിക്കയിൽ മേയർമാർക്ക് വലിയ എക്സിക്യൂട്ടീവ് അധികാരം ലഭിക്കുന്നുണ്ടെന്നും തരൂർ ചൂണ്ടിക്കാട്ടി.
അമേരിക്കയിലെ ശക്തമായ മേയർ ഭരണസംവിധാനത്തിൽ ബജറ്റും അടിസ്ഥാന സൗകര്യ വികസനവും ക്രമസമാധാനവും പൂർണ്ണമായും മേയറുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്ന നേതാവെന്ന നിലയിൽ പൂർണ്ണ എക്സിക്യൂട്ടീവ് അധികാരം മേയർക്ക് ലഭിക്കുന്നു. എന്നാൽ ഇന്ത്യയിൽ 74-ാം ഭരണഘടനാ ഭേദഗതി പ്രകാരം തദ്ദേശ സ്ഥാപനങ്ങൾ രൂപീകരിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം സംസ്ഥാനങ്ങളിലും യഥാർത്ഥ എക്സിക്യൂട്ടീവ് അധികാരം ഐ.എ.എസ് ഉദ്യോഗസ്ഥനായ മുൻസിപ്പൽ കമ്മീഷണർക്കാണ് നൽകിയിരിക്കുന്നത്. കേരളത്തിലും കൊൽക്കത്തയിലും മേയർമാർക്ക് കൂടുതൽ അധികാരങ്ങളുണ്ടെങ്കിലും ഭൂരിഭാഗം ഇന്ത്യൻ നഗരങ്ങളിലും മേയറുടെ പദവി ഒരു ആചാരപരമായ തലപ്പത്ത് മാത്രമായി ചുരുങ്ങുന്നു എന്നതിലാണ് ശശി തരൂർ വ്യക്തമായ വിമർശനം ഉന്നയിച്ചിരിക്കുന്നത്.











