പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർത്ഥി അഭിറാം അതിക്രൂരമായി കൊല്ലപ്പെട്ട വാർത്തയുടെ ആഘാതത്തിൽ നിന്നും കൊലപാതക വിവരം അറിഞ്ഞ നിമിഷം മുതൽ കരഞ്ഞുതീർത്ത കണ്ണീരോടെ വിതുമ്പുകയാണ് അവന്റെ കുടുംബവും നാട്ടുകാരും. അഭിറാമിന്റെ അമ്മയും സഹോദരിയും ഗൾഫിലായതിനാൽ കുട്ടിക്കാലം മുതൽ അവന്റെ എല്ലാ കാര്യങ്ങളും നോക്കിനടത്തിയിരുന്നത് മുത്തശ്ശിയായിരുന്നു. തന്നോട് പറയാതെ അവൻ വീടിന് പുറത്തിറങ്ങാറില്ലായിരുന്നുവെന്നും, കളിക്കാൻ പോയി അഞ്ച് മിനിറ്റ് താമസിച്ചാൽ പോലും ഫോൺ വിളിച്ച് വിവരം പറയുമായിരുന്നുവെന്നും മുത്തശ്ശി മാതൃഭൂമി ഡോട്ട്‌കോമിനോട് വിതുമ്പലോടെ ഓർത്തെടുത്തു.
കൊലപാതകം നടന്ന ഞായറാഴ്ച വീട്ടിൽ ഒരു ബന്ധുവിന്റെ കല്യാണം ഉണ്ടായിരുന്നതിനാൽ പുറത്തു പോകരുതെന്ന് താൻ അവനോട് പ്രത്യേകം പറഞ്ഞിരുന്നുവെന്ന് മുത്തശ്ശി നിറകണ്ണുകളോടെ പറയുന്നു. എന്നാൽ, സുഹൃത്തുക്കളോടൊപ്പം കളിക്കാൻ പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങിയ അവൻ പിന്നീട് തിരിച്ചെത്തിയത് ജീവനറ്റ നിലയിലായിരുന്നു. “അന്ന് പുറത്തു പോകരുതെന്ന് ഞാൻ പറഞ്ഞത് അവൻ കേട്ടിരുന്നെങ്കിൽ ഇന്നും എന്റെ കുട്ടി ജീവനോടെ ഉണ്ടായേനേ. അവൻ വളരെ മിടുക്കനായ കുട്ടിയായിരുന്നു. കല്യാണത്തിന് പോകുന്ന വഴി മഴ പെയ്തപ്പോൾ അച്ഛൻ ഫോണിൽ വിളിച്ചപ്പോൾ ‘ഞാൻ ഇതാ വരുന്നു’ എന്ന് പറഞ്ഞതാണ്, പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി. അവൻ ആരൊക്കെയോ തടങ്കലിൽ അകപ്പെട്ടു എന്ന് എന്റെ മനസ്സ് പറഞ്ഞിരുന്നു, ഞങ്ങളുടെ കുഞ്ഞിന് നീതി ലഭിക്കണം” – മുത്തശ്ശി കൂട്ടിച്ചേർത്തു.
പ്ലസ് വൺ വിദ്യാർത്ഥിയായ അഭിറാമിനെ ചതിയിൽപ്പെടുത്തി വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി മൃതദേഹം ചാക്കിലാക്കി ആളൊഴിഞ്ഞ പറമ്പിൽ തള്ളുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. കേസിൽ പ്രായപൂർത്തിയാകാത്ത ഒന്നാം പ്രതിയെക്കൂടാതെ കുപ്രസിദ്ധ ഗുണ്ട ഉമർ, കൊലപാതകത്തിനും തെളിവ് നശിപ്പിക്കാനും ഒത്താശ ചെയ്ത ഉമറിന്റെ കാമുകി ഐശ്വര്യ, സുഹൃത്തായ അനന്ത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ മുഴുവൻ ഗൂഢാലോചന പുറത്തുകൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലാണ് പൊലീസ് അന്വേഷണ സംഘം.












