ഇസ്‌ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിക്കും വിലക്കയറ്റത്തിനുമെതിരെ മാസങ്ങളായി സമരം ചെയ്യുന്ന ജനങ്ങൾക്ക് നേരെ അടിച്ചമർത്തൽ ശക്തമാക്കി പാകിസ്ഥാൻ സൈന്യം. പാക് അധീന കശ്മീരിലെ (PoJK) റാവലാകോട്ടിൽ പ്രതിഷേധക്കാർക്ക് നേരെ പാക് സുരക്ഷാ സേന നടത്തിയ രൂക്ഷമായ ആക്രമണത്തിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
റാവലാകോട്ടിലെ ഉമർ ഫറൂഖ് ചൗക്കിൽ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ (JAAC) നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന പ്രതിഷേധ ക്യാമ്പുകൾ അർദ്ധരാത്രിയോടെ ബലമായി ഒഴിപ്പിക്കാൻ സൈന്യം ശ്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്. പ്രഭാത പ്രാർത്ഥനയ്ക്ക് തൊട്ടുമുമ്പ് ക്യാമ്പുകൾ ലക്ഷ്യമാക്കി എത്തിയ സൈന്യം തുടർച്ചയായി വെടിയുതിർക്കുകയായിരുന്നുവെന്നും, നിരോധിച്ച ആയുധങ്ങളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും എസ്.എ.സി അസംബ്ലി അംഗങ്ങൾ ആരോപിച്ചു. മണിക്കൂറുകളോളം പ്രദേശത്ത് കനത്ത വെടിവെപ്പാണ് നടന്നത്.
വിലകുറഞ്ഞ വൈദ്യുതി ലഭ്യത, തൊഴിലവസരങ്ങൾ, രാഷ്ട്രീയ സ്വയംഭരണം എന്നിവ ആവശ്യപ്പെട്ട് അഞ്ച് മാസത്തിലേറെയായി മേഖലയിൽ സമരം ശക്തമാണ്. എന്നാൽ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കുന്നതിന് പകരം കരിനിയമങ്ങളും ഭീകരവിരുദ്ധ നിയമങ്ങളും ഉപയോഗിച്ച് സമരക്കാരെ അടിച്ചമർത്താനാണ് പാക് ഭരണകൂടം ശ്രമിക്കുന്നത്. പാകിസ്ഥാൻ എച്ച്.ആർ.സി.പി (HRCP) ഭരണകൂടത്തിന്റെ മൃഗീയ നടപടികളെ കണിശമായി അപലപിച്ചിട്ടുണ്ട്. ഇതോടെ മേഖലയിൽ സംഘർഷാവസ്ഥ രൂക്ഷമാവുകയും മൊബൈൽ-ഇന്റർനെറ്റ് സേവനങ്ങൾ നിശ്ചലമാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.









