കോട്ടയം: സംസ്ഥാനത്തെ ജനസംഖ്യയുടെ വലിയൊരു പങ്കുവരുന്ന തൊഴിലാളി വിഭാഗത്തോടും അവരുടെ ജീവൽപ്രശ്നങ്ങളോടും പിണറായി വിജയൻ സർക്കാർ കാണിച്ച കടുത്ത അവഗണനയാണ് തിരഞ്ഞെടുപ്പിലെ ദാരുണമായ തിരിച്ചടിക്ക് പ്രധാന വഴിവെച്ചതെന്ന കടുത്ത കുറ്റപ്പെടുത്തലുമായി സി.ഐ.ടിയു. പാർട്ടിയുടെ വിദ്യാർഥി സംഘടനയായ എസ്.എഫ്.ഐക്ക് നൽകുന്ന പരിഗണന പോലും ഭരണതലത്തിൽ തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് ലഭിക്കുന്നില്ലെന്നും ഇടതുപക്ഷ സർക്കാരിന്റെ വീഴ്ചകളാണ് തിരിച്ചടിക്ക് കാരണമായതെന്നും കോട്ടയത്ത് നടക്കുന്ന സി.ഐ.ടിയു സംസ്ഥാന സമ്മേളനത്തിൽ പൊട്ടിത്തെറിയുണ്ടായി. സമ്മേളനത്തിൽ ശനിയാഴ്ച ജനറൽ സെക്രട്ടറി എളമരം കരീം അവതരിപ്പിക്കുന്ന പ്രവർത്തന റിപ്പോർട്ടിലാണ് സ്വന്തം സർക്കാരിനെതിരെ അഭൂതപൂർവ്വമായ വിമർശനങ്ങൾ അക്കമിട്ട് നിരത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 60 ശതമാനത്തോളം വരുന്ന ജനവിഭാഗം പ്രത്യക്ഷമായോ പരോക്ഷമായോ തൊഴിൽമേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്നവരാണ്. എന്നാൽ, ഇത്രയും വിസ്തൃതമായ വോട്ട് ബാങ്കിന് ന്യായമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ പോലും ഉറപ്പാക്കാൻ സർക്കാർ തയ്യാറായില്ലെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. പല മേഖലകളിലും പരമ്പരാഗത തൊഴിലാളികളുടെ മിനിമം വേതനം കൃത്യമായി നടപ്പാക്കാനോ പരിഷ്കരിക്കാനോ സാധിച്ചില്ല. സി.ഐ.ടിയുവിന്റെ നേതൃത്വത്തിൽ നിരന്തരം ഈ ആവശ്യങ്ങൾ ഉന്നയിക്കുകയും ശക്തമായ പ്രക്ഷോഭങ്ങൾ നടത്തുകയും ചെയ്തെങ്കിലും മുൻ ഭരണകൂടം ഇവയോടൊന്നും ആത്മാർത്ഥമായ സമീപനം കാട്ടിയില്ല.തൊഴിലാളികളെ നിരന്തരം ശത്രുപക്ഷത്തു നിർത്തുകയും അവഗണിക്കുകയും ചെയ്തതിന്റെ പ്രതിഫലനമാണ് ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ നൽകിയതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തുടർഭരണത്തിന്റെ തണലിൽ ജനകീയ ആവശ്യങ്ങളിൽ നിന്ന് ഭരണം അകന്നുപോയതും തൊഴിലാളികൾക്കിടയിലുണ്ടായ കടുത്ത അസംതൃപ്തിയുമാണ് ഭരണത്തുടർച്ച നഷ്ടപ്പെടാൻ പ്രധാന കാരണമായത്.തങ്ങളുടെ പരാതികൾ കേൾക്കാനോ പരിഹരിക്കാനോ സർക്കാർ തയ്യാറായില്ലെങ്കിൽ വരാനിരിക്കുന്ന ദിവസങ്ങളിൽ കൂടുതൽ ശക്തമായ സമരങ്ങളിലേക്ക് കടക്കുമെന്ന മുന്നറിയിപ്പും സംഘടന നൽകുന്നുണ്ട്.











