തിരുവനന്തപുരം: മീൻപിടിത്ത ബോട്ടുകളുടെ മറവിൽ അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലകൾ തീരദേശം വഴി കോടികളുടെ ലഹരിമരുന്ന് കടത്തുന്നതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട്.മലബാറിന്റെ തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ശ്രീലങ്കയിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തുകയും, അതിനു പ്രതിഫലമായി ശ്രീലങ്കയിൽ നിന്ന് വൻതോതിൽ സ്വർണം തിരികെ കേരളത്തിലേക്ക് എത്തിക്കുകയുമാണ് സംഘത്തിന്റെ രീതി. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വീര്യമേറിയ ഹെറോയിനും അന്താരാഷ്ട്ര വിപണിയിൽ വൻ ഡിമാൻഡുള്ള മെത്താഫിറ്റമിനുമാണ് ഇത്തരത്തിൽ കടലിലൂടെ ഒഴുകുന്നത്.
കരമാർഗവും വിമാനത്താവളങ്ങൾ വഴിയുമുള്ള പരിശോധന ശക്തമാക്കാൻ ലക്ഷ്യമിട്ട് എക്സൈസും പോലീസും നടപ്പിലാക്കിയ ‘ഓപ്പറേഷൻ തൂഫാൻ’ പിടിമുറുക്കിയതോടെയാണ് ലഹരി സംഘങ്ങൾ കടൽമാർഗം പ്രധാന ഇടനാഴിയാക്കി മാറ്റിയത്. കേരളത്തിലെ തീരദേശമേഖലകൾക്ക് പുറമെ തമിഴ്നാട്ടിലെ തൂത്തുക്കുടി, വേദാരണ്യം,രാമേശ്വരം, കന്യാകുമാരി തുടങ്ങിയ തീരങ്ങളും ശ്രീലങ്കയിലേക്കുള്ള ലഹരി-സ്വർണക്കടത്തിന്റെ പ്രധാന കേന്ദ്രങ്ങളാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ആഴക്കടലിൽ വെച്ച് ബോട്ടുകൾ പരസ്പരം മാറ്റിയാണ് മയക്കുമരുന്നും സ്വർണവും കൈമാറുന്നത്.
കേന്ദ്ര ഏജൻസികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും കോസ്റ്റ് ഗാർഡും കോസ്റ്റൽ പോലീസും തീരപ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സംശയസ്പദമായ സാഹചര്യത്തിൽ കാണുന്ന മീൻപിടിത്ത ബോട്ടുകളും ലാൻഡിംഗ് സെന്ററുകളും കേന്ദ്രീകരിച്ച് വരും ദിവസങ്ങളിൽ കടുത്ത പരിശോധനകൾ ഉണ്ടാകും. ലഹരി വിറ്റ് കിട്ടുന്ന പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണ ഏജൻസികൾ നിരീക്ഷിച്ചുവരികയാണ്.











