ഇറാനെതിരെ കൂടുതൽ സൈനിക നടപടികൾക്ക് അമേരിക്ക തയ്യാറാണെന്ന് മുന്നറിയിപ്പ് നൽകി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ ആക്രമണം നടത്തണമോ എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ സൈന്യം ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും ആവശ്യമെങ്കിൽ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാനെതിരെ വീണ്ടും ആക്രമണം നടത്താൻ തങ്ങൾക്ക് കാരണമുണ്ടാകണമെന്നില്ലെന്നും നിലവിലെ സാഹചര്യത്തിൽ അമേരിക്കയ്ക്ക് ആവശ്യമായ നേട്ടങ്ങൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. നവംബർ നാലിന് ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു ‘ലോക്ക്ഡ് ആൻഡ് ലോഡഡ്’ എന്ന പരാമർശം.
നവംബർ അഞ്ചിന് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇറാനെതിരായ അടുത്ത നീക്കത്തെക്കുറിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് ട്രംപ് അറിയിച്ചു. ഇറാന്റെ ആണവപദ്ധതി പൂർണമായും ഇല്ലാതാക്കുന്നതിനായി കൂടുതൽ ആക്രമണങ്ങൾ നടത്തണോ എന്നതാണ് പ്രധാനമായും പരിഗണിക്കുന്നത്. ഇറാന്റെ ആണവശേഷി വീണ്ടും ഉയർന്നുവരാനുള്ള സാധ്യത ഇല്ലാതാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ താൽപര്യമില്ലെങ്കിലും ആവശ്യം വന്നാൽ ഇറാന്റെ ശേഷിക്കുന്ന മേഖലകളിലും ആക്രമണം നടത്തേണ്ടിവരുമെന്ന മുന്നറിയിപ്പും ട്രംപ് നൽകി. പുതിയ ആക്രമണങ്ങൾ, സാമ്പത്തിക ഉപരോധം ശക്തമാക്കൽ, നയതന്ത്ര ചർച്ചകളിലൂടെ കരാറിലെത്തൽ തുടങ്ങിയ മൂന്ന് സാധ്യതകളാണ് അമേരിക്ക പരിഗണിക്കുന്നത്.
അതിനിടെ, ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ മധ്യസ്ഥതയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള പരോക്ഷ ചർച്ചകൾ തുടരുകയാണ്. ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം, ആണവകേന്ദ്രങ്ങളിലെ പരിശോധന, അമേരിക്കയുടെ നാവിക ഉപരോധം, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കൽ തുടങ്ങിയ വിഷയങ്ങളാണ് ചർച്ചകളുടെ പ്രധാന ഭാഗം. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും പ്രതിസന്ധി പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതേസമയം, അമേരിക്ക വീണ്ടും ആക്രമണം നടത്തിയാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുതിയ സൈനിക നീക്കം പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാക്കാനും ആഗോള എണ്ണവിപണിയെയും വ്യാപാരത്തെയും ബാധിക്കാനും സാധ്യതയുണ്ട്. ട്രംപിന്റെ അടുത്ത തീരുമാനം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് ലോകം.











