പാങ്ങപ്പാറയിൽ കോളേജ് വിദ്യാർത്ഥിയായ അഭിരാമിനെ ആസൂത്രിതമായി വിളിച്ചുവരുത്തി ക്രൂരമായി തല്ലിക്കൊന്ന കേസിൽ അന്വേഷണം ഊർജ്ജിതമാക്കി ശ്രീകാര്യം പൊലീസ്. കേസിൽ റിമാൻഡിലായിരുന്ന രണ്ടാം പ്രതി കല്ലമ്പള്ളി സ്വദേശി ഉമർ (22), മൂന്നാം പ്രതി മണക്കാട് സ്വദേശി ആനന്ദ (18) എന്നിവരെ വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. നിരന്തരം മൊഴിമാറ്റി അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിക്കുന്ന പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഒന്നാം പ്രതിയായ 17-കാരനെയും നാലാം പ്രതി ഐശ്വര്യയെയും തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങി സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.
അതേസമയം, കേസിൽ അറസ്റ്റിലായ ഒന്നാം പ്രതിയുടെ പ്രായത്തിൽ വലിയ സംശയം പ്രകടിപ്പിച്ച് അഭിരാമിന്റെ കുടുംബം രംഗത്തെത്തി. പൊലീസ് 17-കാരനായി ചിത്രീകരിക്കുന്ന പ്രധാന പ്രതിക്ക് യഥാർത്ഥത്തിൽ പ്രായപൂർത്തിയായിട്ടുണ്ടെന്നും, കഠിനമായ ശിക്ഷയിൽ നിന്ന് ഇയാളെ രക്ഷപ്പെടുത്താൻ ബോധപൂർവം പ്രായം കുറച്ചുകാണിക്കുകയാണോ എന്ന് സംശയമുണ്ടെന്നും കുടുംബം ആരോപിച്ചു. പ്രതിയുടെ ജനന സർട്ടിഫിക്കറ്റും സ്കൂൾ രേഖകളും പുനഃപരിശോധിക്കണമെന്നും യഥാർത്ഥ പ്രായം അറിയാൻ അസ്ഥി സാന്ദ്രതാ പരിശോധന (Bone Density Test) ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധന നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.
കഴിഞ്ഞ നവംബർ ഒന്നിനാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്. പെൺകുട്ടിയായ ആനന്ദയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ഒന്നാം പ്രതി വ്യാജമായി സന്ദേശമയച്ചാണ് അഭിരാമിനെ പാങ്ങപ്പാറ പേരൂരിലെ വാഴത്തോട്ടത്തിന് സമീപത്തേക്ക് വിളിച്ചുവരുത്തിയത്. അഭിരാമിന്റെ സുഹൃത്തിനെ ലക്ഷ്യമിട്ടാണ് പ്രതികൾ കൊലപാതക പദ്ധതി തയ്യാറാക്കിയതെങ്കിലും, സ്ഥലത്ത് അഭിരാം മാത്രം എത്തിയതോടെ ഇയാളെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോണുകളും കൊല്ലപ്പെട്ട അഭിരാമിന്റെ ഫോണും വസ്ത്രങ്ങളും കണ്ടെത്താനുള്ള തിരച്ചിലിലാണ് പൊലീസ്.












