റവന്യൂ മന്ത്രിയുടെ സ്റ്റാഫ് സെക്രട്ടറിമാരിൽ കത്തോലിക്കാ സഭ നിർദേശിച്ച ഉദ്യോഗസ്ഥനെ നിയമിച്ചതിന് മന്ത്രി എ.പി. അനിൽ കുമാറിനോട് പരസ്യമായി നന്ദി പറഞ്ഞ് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. റവന്യൂ വകുപ്പിൽ സഭയ്ക്ക് സ്വീകാര്യനായ ഉദ്യോഗസ്ഥനെ നിർദേശിച്ചാൽ സ്റ്റാഫിൽ ഉൾപ്പെടുത്താമെന്ന് മന്ത്രി ഉറപ്പുനൽകിയിരുന്നുവെന്നും ആ വാക്ക് മന്ത്രി പൂർണ്ണമായും പാലിച്ചുവെന്നും ബിഷപ്പ് പാംപ്ലാനി വ്യക്തമാക്കി.
കാസർകോട് വെള്ളരിക്കുണ്ടിൽ നടന്ന ജെൻസീ (GenZ) അതിരൂപതാ യുവജനദിനാഘോഷ ചടങ്ങിൽ സംസാരിക്കവെയായിരുന്നു, മന്ത്രി എ.പി. അനിൽ കുമാറിനെ വേദിയിലിരുത്തി ബിഷപ്പിന്റെ വെളിപ്പെടുത്തലും പരസ്യമായ അഭിനന്ദനവും. കേരളത്തിലെ മന്ത്രിമാരിൽ ജനങ്ങൾക്ക് ഏറ്റവും ലഭ്യമായവരിൽ ഒരാളും മലയോര കർഷകരുടെ പ്രശ്നങ്ങളോട് എപ്പോഴും അനുഭാവപൂർവ്വം സംവദിക്കുന്ന നേതാവുമാണ് എ.പി. അനിൽ കുമാറെന്ന് ആർച്ച് ബിഷപ്പ് പുകഴ്ത്തി.
“ഞങ്ങൾ മെത്രാന്മാർ മന്ത്രിയെ കാണാൻ ചെന്നപ്പോൾ മലയോര മേഖലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കാനായി അങ്ങയുടെ സ്റ്റാഫിൽ ഞങ്ങളുടെ ഇടയിൽ നിന്ന് ഒരാളെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. റവന്യൂ വകുപ്പിൽ ജോലി ചെയ്യുന്ന നിങ്ങൾക്ക് സ്വീകാര്യനായ ഏത് ഉദ്യോഗസ്ഥനെയും നിർദേശിച്ചോളൂ, ഞാൻ നിയമിക്കാം എന്നായിരുന്നു മന്ത്രി അന്ന് നൽകിയ മറുപടി. ഭംഗിവാക്ക് പറഞ്ഞതാണെന്നാണ് ആദ്യം കരുതിയതെങ്കിലും ഞങ്ങൾ നൽകിയ പേര് മന്ത്രി സ്വീകരിക്കുകയും സെക്രട്ടറിയാക്കുകയും ചെയ്തു,” മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. സഭ നിർദേശിച്ച ഉദ്യോഗസ്ഥൻ മന്ത്രിയുടെ സ്റ്റാഫിലെത്തിയതോടെ മലയോര കർഷകരുടെ ഒട്ടനവധി ഭൂപ്രശ്നങ്ങൾക്കും സങ്കീർണ്ണമായ ഫയലുകൾക്കും അടിയന്തര പരിഹാരം കാണാൻ സാധിക്കുന്നുണ്ടെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.












