കൊച്ചി: കൊച്ചി നഗരത്തിൽ പോലീസുകാർക്ക് നേരെ വീണ്ടും തുടർച്ചയായ ആക്രമണങ്ങൾ. നോർത്ത് പോലീസിലെ ഡ്രൈവറായ അജിത് പോളിന്റെ കൈ ലഹരിയിൽ ലക്കുകെട്ട യുവാവ് കടിച്ച് മുറിച്ചു. സംഭവത്തിൽ കൊല്ലം ശാസ്താംകോട്ട സ്വദേശി മുഹമ്മദ് ഇക്ബാലിനെ പോലീസ് അറസ്റ്റ് ചെയ്തു. നോർത്ത് പാലത്തിന് സമീപത്ത് നിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ വൈദ്യപരിശോധനയ്ക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു അക്രമം. ലഹരി വസ്തുക്കൾ ഉപയോഗിച്ച് അക്രമാസക്തനായ ഇയാൾ ആശുപത്രിയിൽ കടുത്ത പരാക്രമമാണ് നടത്തിയത്.
ഇതിനിടെ നഗരത്തിൽ മറ്റൊരു പോലീസുകാരന് നേരെയും ആക്രമണമുണ്ടായി. കൊച്ചി കച്ചേരിപ്പടി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ബഹളമുണ്ടാക്കുന്നുവെന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എസ്.ഐ ഹരികൃഷ്ണനെ പ്രതി ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ കൊല്ലം സ്വദേശിയായ അജ്മലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും പോലീസിനെ ആക്രമിച്ചതിനും ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി ഹൈക്കോടതിക്ക് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസുകാരനെ സ്വകാര്യ ബസ് ഇടിച്ചിട്ട സംഭവത്തിന് പിന്നാലെയാണ് നഗരത്തിൽ വീണ്ടും ക്രമസമാധാന പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മേനക ഭാഗത്ത് നിന്നും അമിതവേഗതയിൽ അശ്രദ്ധമായി വന്ന ബാനർജി റോഡിലേക്ക് തിരിയുന്നതിനിടെയാണ് സി.പി.ഒ ശ്രീദത്തിന് പരിക്കേറ്റത്. സംഭവത്തിൽ മഹാത്മ എന്ന സ്വകാര്യ ബസും ഡ്രൈവർ കാക്കനാട് സ്വദേശി അനീഷും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. നഗരത്തിൽ പോലീസിന് നേരെ തുടർച്ചയായി ഉണ്ടാകുന്ന അക്രമങ്ങളിൽ സിറ്റി പോലീസ് കമ്മീഷണറേറ്റ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.












