കൊച്ചി: ഹോട്ടലുകളിലും ബാറുകളിലും സംഘടിപ്പിക്കുന്ന ഡിജെ പാർട്ടികൾ (DJ Parties) തടയാൻ പോലീസിന് അധികാരമില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതിയുടെ നിർണ്ണായക വിധി. കുറ്റകൃത്യങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെയോ സംശയത്തിന്റെയോ മാത്രം അടിസ്ഥാനത്തിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്താനോ തടയാനോ പോലീസിന് നിയമപരമായ അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. രാത്രി 11 മണിക്ക് ശേഷം ഡിജെ പാർട്ടികൾ നടത്തരുതെന്നാവശ്യപ്പെട്ട് കടവന്ത്രയിലെ റാഡിസൺ ബ്ലൂ (Radisson Blu) ഹോട്ടലിന് പോലീസ് നൽകിയ നോട്ടീസ് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ഉത്തരവ്.
കേരള ഫോറിൻ ലിക്വർ ചട്ടപ്രകാരം (FL-3) കൃത്യമായ ലൈസൻസുള്ള ബാറുകൾക്കും ഹോട്ടലുകൾക്കും അനുവദിക്കപ്പെട്ട സമയം വരെ പ്രവർത്തിക്കാൻ പുലർച്ചെ മൂന്ന് മണി വരെ പൂർണ്ണ അനുമതിയുണ്ട്. അനുവദിക്കപ്പെട്ട ഈ സമയപരിധിക്കുള്ളിൽ നിയമപരമായി സ്ഥാപനം പ്രവർത്തിപ്പിക്കുന്നതിനും പരിപാടികൾ സംഘടിപ്പിക്കുന്നതിനും ഹോട്ടൽ ഉടമകൾക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേവലം കുറ്റകൃത്യ സാധ്യത ആരോപിച്ചു പോലീസിന് ഇത്തരം വിലക്കുകൾ ഏർപ്പെടുത്താനാകില്ല.
അടുത്തിടെ കൊച്ചിയിലെ ചില പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ചട്ടവിരുദ്ധമായും പ്രായപൂർത്തിയാകാത്തവർക്ക് മദ്യം വിളമ്പിയെന്നും ആരോപിച്ച് പോലീസ് പരിശോധന നടത്തുകയും രാത്രി 11 മണിക്ക് ശേഷം ഡിജെ പാർട്ടികൾ പാടില്ലെന്ന് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. പോലീസിന്റെ ഈ നടപടിക്കെതിരെ ഹോട്ടൽ മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഡിജെ പാർട്ടികൾക്ക് വിലക്കേർപ്പെടുത്തിയ പോലീസിന്റെ നോട്ടീസ് പൂർണ്ണമായും റദ്ദാക്കിയ കോടതി, ലൈസൻസ് നിബന്ധനകൾ പാലിച്ചു സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് തടസ്സമില്ലെന്ന് വ്യക്തമാക്കി. ഹൈക്കോടതിയുടെ ഈ വിധി സംസ്ഥാനത്തെ രാത്രികാല വിനോദ സഞ്ചാരമേഖലയ്ക്കും ഹോട്ടൽ വ്യവസായത്തിനും വലിയ ആശ്വാസമാണ് നൽകുന്നത്.












