തിരുവനന്തപുരം: തലസ്ഥാന രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമായിരുന്ന മുൻ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ അനുമതി നൽകി സിപിഎം സംസ്ഥാന നേതൃത്വം. തിരുവനന്തപുരത്തു നിന്നും തന്റെ പ്രവർത്തന മണ്ഡലം കോഴിക്കോട്ടേക്ക് മാറ്റാൻ അനുമതി തേടി ആര്യ പാർട്ടി ജില്ലാ കമ്മിറ്റിക്ക് കത്തു നൽകിയിരുന്നു. ഈ അപേക്ഷ ജില്ലാ കമ്മിറ്റി അംഗീകരിക്കുകയും അന്തിമ അനുമതിക്കായി സംസ്ഥാന നേതൃത്വത്തിന് കൈമാറുകയുമായിരുന്നു.തുടർന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഔദ്യോഗികമായി അനുമതി നൽകിയതായി അറിയിച്ചു.
വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആര്യ രാജേന്ദ്രൻ പാർട്ടിക്ക് അപേക്ഷ നൽകിയത്. ഭർത്താവും ബാലുശ്ശേരി എം.എൽ.എയുമായ കെ.എം. സച്ചിൻദേവ് കോഴിക്കോടും ആര്യ തിരുവനന്തപുരത്തുമായാണ് നിലവിൽ പ്രവർത്തിച്ചിരുന്നത്. ഈ സാഹചര്യത്തിൽ ദമ്പതികൾ ഒന്നിച്ച് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതാണ് കൂടുതൽ ഉചിതമെന്ന് പാർട്ടി നേതൃത്വം വിലയിരുത്തുകയായിരുന്നു. ഇതിനുള്ള സംഘടനാപരമായ സൗകര്യങ്ങൾ ഒരുക്കുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
തിരുവനന്തപുരം നഗരസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യ രാജേന്ദ്രൻ കേരള രാഷ്ട്രീയത്തിൽ വലിയ ശ്രദ്ധ നേടിയ നേതാവാണ്. മേയർ പദവിക്ക് ശേഷം പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായിരിക്കുന്നതിനിടയിലാണ് കുടുംബ ജീവിതത്തിന്റെ സൗകര്യാർത്ഥം പ്രവർത്തന കേന്ദ്രം മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സംഘടനാ ചുമതലകളിൽ നിന്നും മാറി വടക്കൻ കേരളത്തിലേക്ക് രാഷ്ട്രീയ പ്രവർത്തനം മാറ്റുന്ന ആര്യയുടെ പുതിയ തീരുമാനം രാഷ്ട്രീയ കേരളത്തിൽ ഏറെ ചർച്ചയായിട്ടുണ്ട്.












