മഹാരാഷ്ട്രയിൽ ഏകീകൃത സിവിൽ കോഡ് (യു.സി.സി) നടപ്പിലാക്കാനുള്ള നീക്കങ്ങളെച്ചൊല്ലി എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും തമ്മിൽ രൂക്ഷമായ വാക്പോര്. മഹാരാഷ്ട്ര സർക്കാർ കൊണ്ടുവരാൻ ശ്രമിക്കുന്നത് ഏകീകൃത സിവിൽ കോഡല്ലെന്നും, മറിച്ച് അമുസ്ലിംങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ‘ഹിന്ദു സിവിൽ കോഡ്’ ആണെന്നും ഒവൈസി ആരോപിച്ചു. മുസ്ലിംങ്ങളുടെ മതാചാരങ്ങളും വ്യക്തിനിയമങ്ങളും തടയാനും അവരുടെ വ്യക്തിത്വം ഇല്ലാതാക്കാനുമാണ് സർക്കാർ ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നും അദ്ദേഹം മുംബൈയിൽ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
ഇസ്ലാമിൽ വിവാഹം എന്നത് ഒരു കരാറാണെന്നും, എന്നാൽ ഹിന്ദു വിവാഹ നിയമത്തിലെ വ്യവസ്ഥകൾ എല്ലാവർക്കും മേൽ നിർബന്ധപൂർവ്വം നടപ്പിലാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഒവൈസി വാദിച്ചു. ലീവ്-ഇൻ ബന്ധങ്ങൾക്കും മറ്റും നിയമസാധുത നൽകുന്നത് ഇസ്ലാമിക തത്വങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകീകൃത സിവിൽ കോഡ് കരട് തയാറാക്കുന്ന സമിതിയിൽ ന്യൂനപക്ഷ പ്രതിനിധികളില്ലെന്ന് ചൂണ്ടിക്കാണിച്ച് റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി ആർ.സി. ചവാൻ സമിതിയിൽ നിന്ന് രാജിവെച്ചത് ഇതിന് തെളിവാണെന്നും ഒവൈസി സൂചിപ്പിച്ചു.
എന്നാൽ ഒവൈസിയുടെ ആരോപണങ്ങൾക്ക് ഭരണഘടനാ വകുപ്പുകൾ ഉദ്ധരിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ശക്തമായ മറുപടി നൽകി. ഡോ. ബി.ആർ. അംബേദ്കർ തയാറാക്കിയ ഭരണഘടനയിലെ മാർഗ്ഗനിർദ്ദേശക തത്വങ്ങളിൽ തന്നെ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നുണ്ടെന്ന് ഫഡ്‌നാവിസ് വ്യക്തമാക്കി. ഭരണഘടന അല്പമെങ്കിലും വായിച്ചിട്ടുണ്ടെങ്കിൽ ഒവൈസി ഇത്തരം പ്രസ്താവനകൾ നടത്തില്ലായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കാൻ ശ്രമിക്കുകയാണെന്നും, ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് തങ്ങൾ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.











