അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യു.എസ് കമ്മീഷനെതിരെ (USCIRF) രൂക്ഷവിമർശനവുമായി ഇന്ത്യ. കൃത്യമായ രാഷ്ട്രീയ അജണ്ടയോടെ പ്രവർത്തിക്കുന്ന പക്ഷപാതപരവും വസ്തുതാവിരുദ്ധവുമായ സംഘടനയാണ് യു.എസ്.സി.ഐ.ആർ.എഫ് എന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം തുറന്നടിച്ചു. പ്രതിവാര വാർത്താസമ്മേളനത്തിൽ സംസാരിക്കവേ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളാണ് അമേരിക്കയിലെ വംശീയ അധിക്ഷേപങ്ങൾ എണ്ണിപ്പറഞ്ഞ് ശക്തമായ ഭാഷയിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.
അമേരിക്കയിൽ ഇന്ത്യൻ സമൂഹത്തിന് നേരെ നിരന്തരം നടക്കുന്ന വംശീയ അധിക്ഷേപങ്ങൾ, വിദ്വേഷ കുറ്റകൃത്യങ്ങൾ, ആരാധനാലയങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ എന്നിവയ്ക്ക് നേരെ കമ്മീഷനും കമ്മീഷണർമാരും ബോധപൂർവ്വം കണ്ണടയ്ക്കുകയാണെന്ന് ജയ്‌സ്വാൾ ചൂണ്ടിക്കാട്ടി. സ്വന്തം രാജ്യത്ത് നടക്കുന്ന ഇത്തരം ഗുരുതര സംഭവങ്ങളിൽ മൗനം പാലിക്കുന്ന കമ്മീഷന് മറ്റു രാജ്യങ്ങളെ വിമർശിക്കാൻ യാതൊരു ധാർമ്മിക അവകാശവുമില്ലെന്നും, മുൻവിധിയോടെ പ്രവർത്തിക്കുന്ന ഇത്തരമൊരു സ്ഥാപനത്തെ ആർക്കും ഗൗരവത്തോടെ കാണാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതോടൊപ്പം പ്രധാനപ്പെട്ട മറ്റ് അന്താരാഷ്ട്ര വിഷയങ്ങളിലും ഇന്ത്യ നിലപാട് വ്യക്തമാക്കി. റഷ്യ-ഉക്രൈൻ യുദ്ധത്തിൽ നയതന്ത്ര ചർച്ചകളിലൂടെയുള്ള സമാധാന ശ്രമങ്ങൾക്കാണ് ഇന്ത്യ എന്നും ഊന്നൽ നൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയുമായി അടുത്തിടെ ചർച്ച നടത്തിയത് ഇതിന്റെ ഭാഗമായാണെന്ന് വക്താവ് അറിയിച്ചു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി നയതന്ത്ര തലത്തിൽ നിരന്തരം ബന്ധപ്പെട്ടുവരുന്നുണ്ട്. കരിങ്കടൽ വഴിയുള്ള ഭക്ഷ്യധാന്യ, ഊർജ്ജ സർവീസുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശയങ്ങൾ ഇരുരാജ്യങ്ങളുമായും ഇന്ത്യ പങ്കുവെച്ചിട്ടുണ്ട്.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ചില ഭാഗങ്ങൾ ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ചൈനീസ് ഇൻഫ്ലുവൻസർമാർ ചിത്രീകരണം നടത്തിയത് ദൗർഭാഗ്യകരമാണെന്ന് ഇന്ത്യ പ്രതികരിച്ചു. സത്യസന്ധമല്ലാത്ത പ്രചാരണങ്ങൾ നടത്തുന്നവരുടെ വിശ്വസനീയതയാണ് ഇതിലൂടെ തകരുന്നത്. സംഭവത്തിൽ അവിടുത്തെ അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
അതേസമയം, അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ് ആ രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണെന്നും അതിൽ അഭിപ്രായം പറയുന്നില്ലെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. യു.എസിലെ ഭരണമാറ്റങ്ങൾ ഇന്ത്യ-അമേരിക്ക ബന്ധത്തെ ബാധിക്കില്ലെന്നും ഉഭയകക്ഷി ബന്ധത്തിന് ഇരുപാർട്ടികളുടെയും പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാഷിംഗ്ടണിൽ വിദേശ ഏജന്റുമാരുടെ രജിസ്ട്രേഷൻ നിയമപ്രകാരം (FARA) ലോബിയിംഗ് ഏജൻസികളെ ഉപയോഗിക്കുന്നത് സർവ്വസാധാരണമായ നയതന്ത്ര രീതിയാണെന്നും 1948 മുതൽ ഇന്ത്യ ഇത്തരം നിയമപരമായ ഏജൻസികളുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ടെന്നും ചോദ്യങ്ങൾക്ക് മറുപടിയായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.










