ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാസേന നടത്തിയ നിർണ്ണായക നീക്കത്തിൽ ഉന്നത ലഷ്കർ-ഇ-തൊയ്ബ (LeT) കമാൻഡർ ലത്തീഫ് ഭട്ടിനെ വധിച്ചു. നവംബർ 11-ന് അഖ്റാൻ ഗ്രാമത്തിലെ സി.ആർ.പി.എഫ് ചെക്ക്‌പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു കൊല്ലപ്പെട്ട ഭട്ട്. ലത്തീഫ് ഭട്ട് ഒളിച്ചിരുന്ന കേന്ദ്രം സുരക്ഷാസേന വളഞ്ഞതിന് പിന്നാലെ, ഉദ്യോഗസ്ഥർ ഇയാളെ വീഡിയോ കോൾ ചെയ്ത് കീഴടങ്ങാൻ ആവശ്യപ്പെടുന്ന നാടകീയ രംഗങ്ങളും അരങ്ങേറി. ‘ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്, കീഴടങ്ങൂ’ എന്ന് സൈനിക ഉദ്യോഗസ്ഥൻ വീഡിയോ കോളിലൂടെ ആവശ്യപ്പെട്ടെങ്കിലും ലത്തീഫ് ഭട്ട് അതിന് തയ്യാറായില്ല. തുടർന്ന് ഭീകരൻ വെടിയുതിർത്തതോടെ സുരക്ഷാസേന നടത്തിയ ശക്തമായ പ്രത്യാക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം കുൽഗാമിലെ ലാറു ബൈപ്പാസിന് സമീപം സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരൻ ഉമർ നിസാർ ദാറിനൊപ്പം ചേർന്നാണ് ലത്തീഫ് ഭട്ട് സി.ആർ.പി.എഫ് പോസ്റ്റ് ആക്രമിച്ചത്. കഴിഞ്ഞ ആറ് മാസത്തോളമായി ലത്തീഫ് ഭട്ടിന് ഒളിത്താവളവും മറ്റ് സഹായങ്ങളും ഒരുക്കി നൽകിയിരുന്നത് ഉമർ നിസാർ ദാർ ആയിരുന്നുവെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ലാറു ബൈപ്പാസിന് സമീപം ഇരുവരും ഒളിച്ചിരുന്ന കെട്ടിടം വളഞ്ഞാണ് സുരക്ഷാസേന തിങ്കളാഴ്ച ഉമർ നിസാറിനെ വധിച്ചത്. എന്നാൽ, അന്ന് വെടിയേറ്റ ലത്തീഫ് ഭട്ട് അവിടെനിന്ന് കടന്നുകളയുകയായിരുന്നു. തുടർന്ന് ഡ്രോണുകളുടെയും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളുടെയും സഹായത്തോടെ പ്രദേശം വളഞ്ഞ് സൈന്യം നടത്തിയ ഊർജിതമായ തിരച്ചിലിനൊടുവിലാണ് ലത്തീഫ് ഭട്ടും കുടുങ്ങിയത്.
നവംബർ 11-ന് അഖ്റാനിലെ സി.ആർ.പി.എഫ് പോസ്റ്റിന് നേരെ നടന്ന ഭീകരാക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റിരുന്നു. ഈ ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് ബേക്കറി തൊഴിലാളിയായിരുന്ന ഉമർ നിസാർ ലഷ്കറിന്റെ പോഷക സംഘടനയായ ‘ദി റെസിസ്റ്റൻസ് ഫ്രണ്ടിൽ’ (TRF) ഔദ്യോഗികമായി ചേർന്നത്. കശ്മീർ താഴ്‌വരയിൽ അടുത്തിടെ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെയും, ഇതര സംസ്ഥാന തൊഴിലാളികൾക്കും പോലീസുകാർക്കും നേരെയുണ്ടായ കൊലപാതകങ്ങളുടെയും പിന്നിൽ പ്രവർത്തിച്ച കൊടുംഭീകരനെയാണ് ലത്തീഫ് ഭട്ടിന്റെ വധത്തിലൂടെ സുരക്ഷാസേന ഇല്ലാതാക്കിയിരിക്കുന്നത്.












