ജമ്മു കശ്മീരിലെ കുൽഗാമിൽ സി.ആർ.പി.എഫ് ജവാന്മാർക്ക് നേരെയുണ്ടായ ആക്രമണത്തിന് പകരം വീട്ടി സുരക്ഷാസേന; ഉന്നത ലഷ്കർ-ഇ-തൊയ്ബ (LeT) കമാൻഡർ ലത്തീഫ് ഭട്ടിനെ വധിച്ചതിന് പിന്നാലെ സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ (ഡി.ജി) സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. **’ചില വിഭവങ്ങൾ തണുപ്പിച്ച് വിളമ്പുന്നതാണ് ഏറ്റവും നല്ലത്’ (Some dishes are best served cold)** എന്ന കൃത്യമായ സന്ദേശത്തിലൂടെ, തങ്ങളുടെ ജവാന്മാരെ ആക്രമിച്ചവർക്കുള്ള മറുപടി എത്ര വൈകിയാലും കൃത്യമായി നൽകിയിരിക്കുമെന്ന മുന്നറിയിപ്പാണ് സേനാ മേധാവി നൽകിയത്. നവംബർ 11-ന് കുൽഗാമിലെ അഖ്റാൻ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റിരുന്നു. ഈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ലത്തീഫ് ഭട്ടിനെയാണ് ബുധനാഴ്ച പുലർച്ചെ നടന്ന ഏറ്റുമുട്ടലിൽ സൈന്യം വധിച്ചത്.
ബുധനാഴ്ച പുലർച്ചയോടെയാണ് കുൽഗാമിലെ സങ്കൽപോറ മേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൈന്യവും ജമ്മു കശ്മീർ പോലീസും പ്രദേശം വളഞ്ഞതോടെ ലത്തീഫ് ഭട്ട് അടുത്തുള്ള ഒരു മസ്ജിദിനുള്ളിൽ കയറി ഒളിക്കുകയായിരുന്നു. ആരാധനാലയത്തിന് യാതൊരുവിധ കേടുപാടുകളും സംഭവിക്കാതിരിക്കാൻ സുരക്ഷാസേന പരമാവധി സംയമനം പാലിച്ചുകൊണ്ടാണ് നീക്കങ്ങൾ നടത്തിയത്. 9 രാഷ്ട്രീയ റൈഫിൾസ് (9 RR) കമാൻഡിംഗ് ഓഫീസറും കുൽഗാം എസ്.എസ്.പി അനയാത്ത് അലിയും ചേർന്ന് ഭീകരനെ കീഴടങ്ങാൻ പ്രേരിപ്പിക്കുന്നതിനായി നിരവധി തവണ ശ്രമിച്ചു. എസ്.എസ്.പി അനയാത്ത് അലി ലത്തീഫ് ഭട്ടിനെ വീഡിയോ കോൾ ചെയ്ത് ദീർഘനേരം സംസാരിക്കുകയും, ആയുധം വെച്ച് കീഴടങ്ങിയാൽ ജീവൻ രക്ഷിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. എന്നാൽ, **’എനിക്കൊപ്പം അള്ളാഹു അല്ലാതെ മറ്റാരുമില്ല’** എന്ന് മറുപടി നൽകിയ ഭീകരൻ കീഴടങ്ങാൻ വിസമ്മതിച്ചു.
തുടർന്ന് പുലർച്ചെ 2.45-ഓടെ മസ്ജിദിനുള്ളിൽ നിന്ന് ഇയാൾ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. മസ്ജിദിന് നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാൻ വെടിവയ്പ്പ് ഒഴിവാക്കിയ സുരക്ഷാസേന, ഭീകരനെ പുറത്തുചാടിക്കാൻ കണ്ണീർവാതക ഷെല്ലുകൾ (Tear gas) പ്രയോഗിച്ചു. ഇതോടെ ശ്വാസംമുട്ടി മസ്ജിദ് വളപ്പിന് പുറത്തേക്ക് ഓടിയ ലത്തീഫ് ഭട്ടിനെ സുരക്ഷാസേന വെടിവെച്ച് വീഴ്ത്തുകയായിരുന്നു. 2025 നവംബർ 18-നാണ് ഇയാൾ ലഷ്കർ-ഇ-തൊയ്ബയിൽ ചേർന്നതെന്ന് പോലീസ് വ്യക്തമാക്കി. അതിർത്തിക്കപ്പുറത്ത് നിന്നുള്ള നിർദ്ദേശപ്രകാരം കശ്മീരിലെ സമാധാന അന്തരീക്ഷവും വിനോദസഞ്ചാര മേഖലയും തകർക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന കൊടുംഭീകരനായിരുന്നു ഇയാൾ.
കഴിഞ്ഞ തിങ്കളാഴ്ച കുൽഗാമിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ ലത്തീഫ് ഭട്ടിന്റെ കൂട്ടാളിയായ ഉമർ നിസാർ ദാറിനെ സൈന്യം വധിച്ചിരുന്നു. അന്ന് വെടിയേറ്റ് രക്ഷപ്പെട്ട ഭട്ടിനായി സൈന്യം വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു. നവംബർ 11-ലെ സി.ആർ.പി.എഫ് ആക്രമണത്തിന് തലേദിവസം ഇരുവരും ചേർന്ന് കുൽഗാമിലെ വിവിധ പ്രദേശങ്ങളിൽ ലക്ഷ്യസ്ഥാനങ്ങൾ തേടി നിരീക്ഷണം നടത്തുന്നതിന്റെയും ആക്രമണ ശേഷം രക്ഷപ്പെടുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങൾ ചൊവ്വാഴ്ച പുറത്തുവന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഭീകരവേട്ടയിലൂടെ സുരക്ഷാസേന തങ്ങളുടെ തിരിച്ചടി പൂർത്തിയാക്കിയത്.











