‘സൈന്യം വളഞ്ഞു, കീഴടങ്ങൂ’ എന്ന് വീഡിയോ കോളിലൂടെ ആവശ്യം ; ‘എന്ന് ഭീകരന്റെ മറുപടി
ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാസേനയുമായുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിൽ തലയ്ക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന കൊടുംഭീകരൻ കൊല്ലപ്പെട്ടു. ലഷ്കർ-ഇ-തൊയ്ബ (LeT) ഉന്നത കമാൻഡറായ ലത്തീഫ് ഭട്ടിനെയാണ് സൈന്യവും ജമ്മു കശ്മീർ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ വധിച്ചത്. കുൽഗാമിലെ സങ്കൽപോറ മേഖലയിലുള്ള ഒരു മസ്ജിദിനുള്ളിൽ ഒളിച്ചിരുന്ന ഇയാളെ മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സുരക്ഷാസേന കീഴടക്കിയത്. കീഴടങ്ങാൻ സൈന്യം അവസരം നൽകിയപ്പോൾ ‘തനിക്ക് അള്ളാഹുവിനെ കാണണമെന്നും അതിൽ സന്തോഷവാനാണെന്നുമാണ്’ ലത്തീഫ് ഭട്ട് വീഡിയോ കോളിലൂടെ ഉദ്യോഗസ്ഥരോട് പ്രതികരിച്ചത്.
സങ്കൽപോറ മേഖലയിൽ ലത്തീഫ് ഭട്ടിന്റെ സാന്നിധ്യമുണ്ടെന്ന കൃത്യമായ രഹസ്യാന്വേഷണ വിവരത്തെ തുടർന്ന് ബുധനാഴ്ച രാവിലെയോടെയാണ് സൈന്യവും പോലീസും പ്രദേശം വളഞ്ഞ് തിരച്ചിൽ ആരംഭിച്ചത്. സുരക്ഷാസേനയെ കണ്ടതോടെ മസ്ജിദിനുള്ളിൽ കയറി ഒളിച്ച ഭട്ട് സൈനികർക്ക് നേരെ തുരുതുരാ വെടിയുതിർത്തു. ആരാധനാലയത്തിന് യാതൊരുവിധ കേടുപാടുകളും സംഭവിക്കാതിരിക്കാൻ സുരക്ഷാസേന പരമാവധി സംയമനം പാലിച്ചുകൊണ്ടാണ് നീക്കങ്ങൾ നടത്തിയത്.
തുടർന്ന്, ഒൻപത് റൈഫിൾസ് കമാൻഡിംഗ് ഓഫീസറും കുൽഗാം എസ്.എസ്.പി അനയാത്ത് അലിയും ചേർന്ന് ലത്തീഫ് ഭട്ടിനെ വീഡിയോ കോൾ ചെയ്ത് കീഴടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ‘സൈന്യം നിങ്ങളെ പൂർണ്ണമായും വളഞ്ഞിരിക്കുകയാണ്, ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്, കീഴടങ്ങൂ’ എന്ന് ഉദ്യോഗസ്ഥർ പലതവണ ആവശ്യപ്പെട്ടെങ്കിലും ഭീകരൻ വഴങ്ങിയില്ല. പകരം തനിക്ക് മരിക്കാൻ ഭയമില്ലെന്നും അള്ളാഹുവിനെ കാണാൻ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു ഇയാളുടെ മറുപടി. തുടർന്ന് വീണ്ടും സൈന്യത്തിന് നേരെ വെടിയുതിർത്തതോടെ സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിൽ ലത്തീഫ് ഭട്ട് കൊല്ലപ്പെടുകയായിരുന്നു.
കഴിഞ്ഞ നവംബർ 11-ന് അഖ്റാൻ ഗ്രാമത്തിലെ സി.ആർ.പി.എഫ് ചെക്ക്‌പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു ലത്തീഫ് ഭട്ട്. അന്ന് ഇയാൾക്കൊപ്പമുണ്ടായിരുന്ന ഭീകരൻ ഉമർ നിസാർ ദാറിനെ തിങ്കളാഴ്ച ലാറു ബൈപ്പാസിന് സമീപം വെച്ച് സൈന്യം വധിച്ചിരുന്നു. അന്ന് വെടിയേറ്റ് രക്ഷപ്പെട്ട ലത്തീഫ് ഭട്ടിനായി ഡ്രോണുകളുടെയും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളുടെയും സഹായത്തോടെ സൈന്യം വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു. കശ്മീർ താഴ്‌വരയിൽ അടുത്തിടെ നടന്ന നിരവധി ഭീകരാക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ലത്തീഫ് ഭട്ടിന്റെ അന്ത്യം ഭീകരസംഘടനകൾക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.












