പാകിസ്ഥാനിലെ നിലവിലുള്ള പ്രവിശ്യകൾ വിഭജിച്ച് പുതിയ പ്രവിശ്യകൾ രൂപീകരിക്കാനുള്ള ഷെഹ്ബാസ് ഷെരീഫ് സർക്കാരിന്റെയും സൈനിക മേധാവി അസിം മുനീറിന്റെയും നീക്കത്തിനെതിരെ രൂക്ഷമായ മുന്നറിയിപ്പുമായി പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (PPP) ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി. സിന്ധ് പ്രവിശ്യയെ ബലമായി വിഭജിക്കാൻ ശ്രമിച്ചാൽ കറാച്ചിയിലെയും ഹൈദരാബാദിലെയും തെരുവുകളിൽ രക്തപ്പുഴയൊഴുകുമെന്നും സഹോദരങ്ങൾ പരസ്പരം പോരടിക്കുന്ന സാഹചര്യമുണ്ടാകുമെന്നും ബിലാവൽ മുന്നറിയിപ്പ് നൽകി. കേന്ദ്ര ഭരണമുന്നണിയിലെ പ്രധാന സഖ്യകക്ഷിയായി തുടരുമ്പോൾ തന്നെയാണ്, പ്രവിശ്യാ വിഭജന നീക്കത്തിനെതിരെ ബിലാവൽ ഭൂട്ടോ പരസ്യമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവിലുള്ള നാല് പ്രവിശ്യകൾക്ക് പകരം പാകിസ്ഥാനെ 14 പുതിയ പ്രവിശ്യകളായി വിഭജിക്കാനുള്ള നിർദ്ദേശമാണ് പാക് ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്‌വിയും ആസൂത്രണ മന്ത്രി അഹ്സൻ ഇഖ്ബാലും മുന്നോട്ടുവെച്ചിരിക്കുന്നത്. പഞ്ചാബും സിന്ധും നാല് പ്രവിശ്യകൾ വീതമായും, ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും മൂന്ന് പ്രവിശ്യകൾ വീതമായും വിഭജിക്കാനാണ് നീക്കം. ഇതിന് പുറമെ തലസ്ഥാനമായ ഇസ്ലാമാബാദിന് പ്രത്യേക പ്രവിശ്യാ പദവി നൽകാനും, 2027 മാർച്ചിൽ നടക്കാനിരിക്കുന്ന സെനറ്റ് തിരഞ്ഞെടുപ്പിന് മുൻപായി ഹിതപരിശോധനയിലൂടെ (Referendum) ഇത് നടപ്പിലാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. സൈനിക മേധാവി അസിം മുനീറിന്റെ അടുത്ത അനുയായിയായ മൊഹ്സിൻ നഖ്‌വിയുടെ ഈ നിർദ്ദേശത്തിന് പിന്നിൽ പാക് സൈന്യത്തിന്റെ നേരിട്ടുള്ള ഇടപെടലുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
2008 മുതൽ തുടർച്ചയായി പി.പി.പി ഭരിക്കുന്ന സിന്ധ് പ്രവിശ്യയെയും പാകിസ്ഥാന്റെ സാമ്പത്തിക തലസ്ഥാനമായ കറാച്ചിയെയും വെട്ടിമുറിക്കാനുള്ള നീക്കമായാണ് ബിലാവൽ ഭൂട്ടോ ഇതിനെ കാണുന്നത്. സിന്ധ് വിഭജിക്കപ്പെട്ടാൽ പി.പി.പിയുടെ രാഷ്ട്രീയ അടിത്തറയും കറാച്ചിയിലുള്ള നിയന്ത്രണവും പൂർണ്ണമായും നഷ്ടമാകുമെന്ന് പാർട്ടി ഭയപ്പെടുന്നു. കറാച്ചി പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ബിലാവൽ സർക്കാരിനെതിരെ ആഞ്ഞടിച്ചത്. താനുമായോ പാക് പ്രസിഡന്റും തന്റെ പിതാവുമായ ആസിഫ് അലി സർദാരിയുമായോ യാതൊരു കൂടിയാലോചനയും നടത്താതെയാണ് മന്ത്രിമാർ ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് ബിലാവൽ കുറ്റപ്പെടുത്തി. ഭരണഘടനയുടെ ആർട്ടിക്കിൾ 239(4) മറികടന്ന് പിൻവാതിലിലൂടെ പ്രവിശ്യകൾ വിഭജിക്കാൻ അനുവദിക്കില്ലെന്നും, അത്തരമൊരു നീക്കമുണ്ടായാൽ ജനങ്ങൾ ആയുധമെടുക്കുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം തുറന്നടിച്ചു.
അതേസമയം, ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ‘രാഷ്ട്രീയ തടവുകാരൻ’ എന്ന് വിശേഷിപ്പിച്ച ബിലാവൽ ഭൂട്ടോ, പാകിസ്ഥാനിൽ അധികാരത്തിലേറുന്ന എല്ലാ പ്രധാനമന്ത്രിമാരെയും പിന്നീട് ജയിലിലടയ്ക്കുന്ന രാഷ്ട്രീയ പകപോക്കൽ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. രാജ്യത്തെ ഭരണസംവിധാനം തകർന്നിരിക്കുകയാണെന്നും അടിയന്തരമായി ഒരു രാഷ്ട്രീയ പുനഃക്രമീകരണം (Political Reset) ആവശ്യമാണെന്നും ബിലാവൽ വ്യക്തമാക്കി. 74 സീറ്റുകളുള്ള പി.പി.പിയുടെ പിന്തുണയോടെ ഭരിക്കുന്ന ഷെഹ്ബാസ് ഷെരീഫ് സർക്കാരിന്, ബിലാവലിന്റെ ഈ കടുത്ത നിലപാട് വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.












