ഡിജിറ്റൽ പണമിടപാടുകൾ വ്യാപകമായ ഇക്കാലത്ത് ഉപഭോക്താവിന്റെ സമ്മതമില്ലാതെ ബിൽ തുക റൗണ്ട് ഓഫ് ചെയ്ത് 50 പൈസ അധികം ഈടാക്കിയ റസ്റ്ററന്റിന് 10,000 രൂപ പിഴ ചുമത്തി ജയ്പുർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. അധികമായി വാങ്ങിയ 50 പൈസ പരാതിക്കാരന് തിരികെ നൽകുന്നതിനൊപ്പം, ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾക്ക് 7,000 രൂപ നഷ്ടപരിഹാരവും കോടതിച്ചെലവ് ഇനത്തിൽ 3,000 രൂപയും നൽകാനാണ് കമ്മിഷൻ ഉത്തരവിട്ടത്. ഉപഭോക്താവിന്റെ അനുമതിയില്ലാതെ ഏകപക്ഷീയമായി ബിൽ തുക കൂട്ടുന്നത് ‘അനുചിതമായ വ്യാപാരരീതി’യാണെന്നും പരാതി സമയബന്ധിതമായി പരിഹരിക്കാത്തത് ‘സേവനത്തിലെ വീഴ്ച’യാണെന്നും കമ്മിഷൻ വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരി 14-ന് വാലന്റൈൻസ് ദിനവും വിവാഹവാർഷികവും ആഘോഷിക്കാനായി കുടുംബത്തോടൊപ്പം റസ്റ്ററന്റിലെത്തിയ 50-കാരനായ ജയ്പുർ സ്വദേശിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഭക്ഷണത്തിന് ശേഷം ലഭിച്ച ബിൽ തുക 1,648.50 രൂപയായിരുന്നു. എന്നാൽ തുക റൗണ്ട് ചെയ്ത് 1,649 രൂപ നൽകണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. യു.പി.ഐ (UPI) വഴിയാണ് പണം അടയ്ക്കുന്നതെന്നും അതിനാൽ കൃത്യമായ തുകയായ 1,648.50 രൂപ തന്നെ നൽകാൻ കഴിയുമെന്നും പരാതിക്കാരൻ ചൂണ്ടിക്കാണിച്ചു. ഡിജിറ്റൽ ഇടപാടുകളിൽ ചില്ലറയുടെ പ്രശ്നമില്ലാതിരിക്കെ എന്തിനാണ് 50 പൈസ അധികം വാങ്ങുന്നതെന്ന് അദ്ദേഹം ചോദ്യം ചെയ്തു.
എന്നാൽ, സ്ഥാപനത്തിന്റെ നയപ്രകാരം തുക റൗണ്ട് ഓഫ് ചെയ്യണമെന്ന നിലപാടിൽ ജീവനക്കാർ ഉറച്ചുനിൽക്കുകയും പരാതിക്കാരനോട് മോശമായി പെരുമാറുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്തുവെന്നാണ് പരാതി. ഇതോടെ ഗത്യന്തരമില്ലാതെ 1,649 രൂപ നൽകാൻ അദ്ദേഹം നിർബന്ധിതനായി. തുടർന്നാണ് അദ്ദേഹം ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. കമ്മിഷനിൽ നിന്ന് നോട്ടീസ് ലഭിച്ചിട്ടും റസ്റ്ററന്റ് അധികൃതർ ഹാജരാകാതിരുന്നതിനെ തുടർന്നാണ് ഏകപക്ഷീയമായി (Ex-parte) ഉത്തരവ് പുറപ്പെടുവിച്ചത്.
ബില്ലുകളിൽ മുൻകൂട്ടി വ്യക്തമാക്കാത്തതോ ഉപഭോക്താവിന്റെ സമ്മതമില്ലാത്തതോ ആയ ഇത്തരം റൗണ്ട് ഓഫ് തുകകൾ ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയ കമ്മിഷൻ, ഉപഭോക്താക്കൾ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും ഓർമ്മിപ്പിച്ചു. സമാനമായ ചൂഷണങ്ങൾ നേരിടേണ്ടി വന്നാൽ 1915 എന്ന ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈൻ നമ്പറിലോ ഓൺലൈൻ പോർട്ടലിലോ പരാതി നൽകാമെന്നും അധികൃതർ വ്യക്തമാക്കി.









