ന്യൂഡൽഹി: 1970-കളിലെ വിവാദമായ മാരുതി പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി എംപി നിഷികാന്ത് ദുബെ രംഗത്ത്. അക്കാലത്ത് വിദേശ പൗരയായിരിക്കെ തന്നെ സോണിയാ ഗാന്ധി ‘മാരുതി ടെക്നിക്കൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ’ (MTS) ഡയറക്ടറും ഓഹരി ഉടമയുമായെന്നും, അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാർ കമ്പനിക്ക് വഴിവിട്ട സഹായങ്ങൾ നൽകിയെന്നുമാണ് ദുബെയുടെ പ്രധാന ആരോപണം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ (X) ‘കോൺഗ്രസിന്റെ ഇരുണ്ട അധ്യായം’ (Congress’s Dark Chapter) എന്ന പേരിൽ താൻ എഴുതുന്ന പരമ്പരയുടെ 250-ാം ഭാഗത്തിലാണ് ബിജെപി എംപി ഈ ആരോപണങ്ങൾ ഉന്നയിച്ചത്.
സോണിയാ ഗാന്ധിയുടെ അടുത്തിടെ പുറത്തിറങ്ങിയ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ (Belonging: A Journey of Love) എന്ന ഓർമ്മക്കുറിപ്പിനെച്ചൊല്ലി ബിജെപിയും കോൺഗ്രസും തമ്മിൽ രാഷ്ട്രീയ പോര് മുറുകുന്നതിനിടെയാണ് നിഷികാന്ത് ദുബെയുടെ പുതിയ വെളിപ്പെടുത്തലുകൾ. 1970 നവംബർ 21-ന് സഞ്ജയ് ഗാന്ധി സോണിയാ ഗാന്ധിയുടെ ഉടമസ്ഥതയിലുള്ള മാരുതി ടെക്നിക്കൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡുമായി കരാറിലേർപ്പെട്ടിരുന്നുവെന്ന് ദുബെ അവകാശപ്പെടുന്നു. 1970-ൽ മാത്രം സ്ഥാപിതമായ മാരുതി കമ്പനിക്ക്, ഔദ്യോഗികമായി നിലവിൽ വരുന്നതിന് മുൻപ് തന്നെ, അതായത് 1968-ൽ കാറുകൾ നിർമ്മിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ അനുമതി പത്രം എങ്ങനെ ലഭിച്ചുവെന്നും അദ്ദേഹം ചോദിക്കുന്നു. സോണിയാ ഗാന്ധിയായിരുന്നു മാരുതിയുടെ യഥാർത്ഥ ഉടമയെന്നും, സ്വന്തമായി ഒരു പൈസ പോലും മുടക്കാതെ അവർ എങ്ങനെയാണ് കമ്പനിയുടെ 50 ശതമാനം ഉടമയായതെന്ന് തന്റെ പുസ്തകത്തിൽ വിശദീകരിക്കണമെന്നും ദുബെ ആവശ്യപ്പെട്ടു.
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1969-ൽ മരുമകളുടെ കമ്പനിക്ക് കാർ നിർമ്മിക്കാൻ അനുമതി നൽകിക്കൊണ്ട് പ്രത്യേക ക്യാബിനറ്റ് ഉത്തരവ് പുറപ്പെടുവിച്ചതായും ദുബെ ആരോപിക്കുന്നു. കൂടാതെ, 1972 ഏപ്രിൽ 3-ന് കമ്പനിയുടെ ആവശ്യങ്ങൾക്കായി സഞ്ജയ് ഗാന്ധി കേന്ദ്ര സർക്കാരിന്റെ ചെലവിൽ ലോകപര്യടനം നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ ഓഫീസിൽ (PMO) ഒരു സ്വകാര്യ കമ്പനിയുടെ ഓഫീസ് എങ്ങനെ പ്രവർത്തിച്ചുവെന്നും, ഇന്ദിരാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആർ.കെ. ധവാൻ എങ്ങനെ ഈ കമ്പനിയുടെ ഡയറക്ടറായെന്നും ദുബെ ചോദ്യമുന്നയിച്ചു.
അക്കാലത്തെ നിയമങ്ങൾ പ്രകാരം ഒരു വിദേശ പൗരന് ഇന്ത്യൻ കമ്പനിയുടെ ഡയറക്ടറാകാനോ ഹരിയാനയിൽ ഭൂമി സ്വന്തമാക്കാനോ കഴിയില്ലെന്നിരിക്കെ, 1970-ൽ സോണിയാ ഗാന്ധിക്ക് എങ്ങനെയാണ് ഭൂമി അനുവദിച്ചുകിട്ടിയതെന്നും ദുബെ ചോദിക്കുന്നു. ഈ കമ്പനികൾക്ക് വായ്പ നൽകുന്നതിന് വേണ്ടിയാണോ അന്ന് ബാങ്കുകൾ ദേശസാൽക്കരിച്ചതെന്നും, പൊതുമേഖലാ സ്ഥാപനങ്ങൾ പണം വാങ്ങാതെ സിമന്റും ഉരുക്കും കൽക്കരിയും മാരുതിക്ക് നൽകിയതെങ്ങനെയെന്നും അദ്ദേഹം തന്റെ കുറിപ്പിലൂടെ ചോദ്യം ചെയ്തു. സഞ്ജയ് ഗാന്ധിയുടെ മാരുതി പദ്ധതിയെക്കുറിച്ച് 1977-ൽ അന്വേഷണ കമ്മീഷൻ പരിശോധിച്ചിരുന്ന പശ്ചാത്തലത്തിലാണ് ബിജെപി എംപി പഴയ രേഖകൾ ചൂണ്ടിക്കാട്ടി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.











