പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിന് സമീപം മൂന്ന് എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടാവുകയും, ഭൂഗർഭ സൈനിക കേന്ദ്രത്തിൽ പുതിയ മിസൈൽ ലോഞ്ചർ സംവിധാനം ഇറാൻ പുറത്തിറക്കുകയും ചെയ്തു. ശനിയാഴ്ച പുലർച്ചെ പേർഷ്യൻ ഗൾഫിൽ നിന്ന് കടലിടുക്ക് വഴി പുറത്തേക്ക് കടക്കുകയായിരുന്ന രണ്ട് ടാങ്കറുകൾക്ക് നേരെയാണ് മിസൈൽ ആക്രമണമുണ്ടായതെന്ന് ബ്രിട്ടീഷ് സമുദ്ര സുരക്ഷാ ഏജൻസിയായ യു.കെ.എം.ടി.ഒ (UKMTO) അറിയിച്ചു. ഒരു കപ്പലിന്റെ പിൻഭാഗത്തും മറ്റൊന്നിന്റെ എൻജിൻ മുറിയിലുമാണ് പ്രൊജക്റ്റൈലുകൾ പതിച്ചതെന്നും സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ലെന്നും ഏജൻസി വ്യക്തമാക്കി. ഇതിന് പുറമെ, കടലിടുക്കിന്റെ കിഴക്കൻ മേഖലയിൽ വെച്ച് മറ്റൊരു എണ്ണക്കപ്പൽ കടലിലെ മൈനിൽ തട്ടി തീപിടിച്ചതായി ഇറാൻ നാവികസേന ഔദ്യോഗിക മാധ്യമങ്ങളിലൂടെ അറിയിച്ചു.
അതേസമയം, അമേരിക്കയും ഇസ്രായേലുമായുള്ള യുദ്ധസാഹചര്യം വീണ്ടും ശക്തമായാൽ തിരിച്ചടിക്കാൻ തങ്ങൾ പൂർണ്ണ സജ്ജമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഇറാൻ റെവല്യൂഷണറി ഗാർഡ് പുതിയ ഇരട്ട മിസൈൽ ലോഞ്ചർ സംവിധാനം പ്രദർശിപ്പിച്ചത്. ഒരേസമയം രണ്ട് ദ്രവ ഇന്ധന മിസൈലുകൾ വിക്ഷേപിക്കാൻ ശേഷിയുള്ള ഈ അത്യാധുനിക ലോഞ്ചറിന്റെ ദൃശ്യങ്ങൾ ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേഷണം ചെയ്തു. തങ്ങളുടെ പ്രഹരശേഷി ഗണ്യമായി വർദ്ധിച്ചതായും, യുദ്ധതന്ത്രങ്ങളിൽ ശത്രുക്കളെ അമ്പരപ്പിക്കുന്ന പുതിയ ആയുധങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റെവല്യൂഷണറി ഗാർഡ് എയ്‌റോസ്‌പേസ് ഫോഴ്‌സ് കമാൻഡർ ബ്രിഗേഡിയർ ജനറൽ സയ്യിദ് മജീദ് മൗസവി പറഞ്ഞു. കപ്പലുകൾക്ക് അകമ്പടി സേവിക്കാനുള്ള അമേരിക്കൻ സൈന്യത്തിന്റെ നീക്കങ്ങളെ തടയുന്നതിനായി രാത്രിയിൽ കടലിടുക്കിൽ ഏറ്റവും ശക്തമായ സൈനിക നീക്കങ്ങളാണ് നടത്തിയതെന്നും ഇറാൻ അവകാശപ്പെട്ടു.
ഇറാന്റെ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ കടുത്ത ഉപരോധത്തിന് തിരിച്ചടിയായി ആഗോള ഊർജ്ജ വില ഉയർത്തി സമ്മർദ്ദം ചെലുത്താനാണ് ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കത്തിന് നേരെ ഇറാൻ ആക്രമണം ശക്തമാക്കുന്നത്. അനധികൃത പാതകളിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെയാണ് ലക്ഷ്യമിടുന്നതെന്ന് ടെഹ്‌റാൻ വ്യക്തമാക്കുന്നു. എന്നാൽ, യുദ്ധപൂർവ്വ കാലഘട്ടത്തിന് സമാനമായ രീതിയിൽ കടലിടുക്കിലൂടെയുള്ള എണ്ണ നീക്കം സാധാരണ നിലയിലേക്ക് മടങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് പുതിയ ആക്രമണങ്ങൾ ഉണ്ടായിരിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയിലുണ്ടായ ഈ പുതിയ സംഭവവികാസങ്ങൾ ആഗോള വിപണിയിലും അന്താരാഷ്ട്ര തലത്തിലും വീണ്ടും വലിയ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്.












