ഇന്ത്യയ്‌ക്കെതിരെ സമ്മർദ്ദം ശക്തമാക്കാൻ പാകിസ്ഥാന് പിന്നാലെ ബംഗ്ലാദേശിന്റെ സൈനിക ശേഷിയും വർധിപ്പിക്കാൻ ചൈന രഹസ്യ നീക്കം നടത്തുന്നതായി സൂചന. ചൈനയിൽ നിന്ന് ബംഗ്ലാദേശിലേക്ക് 405 ടൺ ‘സോഡിയം പെർക്ലോറേറ്റ്’ (Sodium Perchlorate) എന്ന അപകടകരമായ രാസവസ്തുവുമായി പോയ കപ്പൽ ഇന്തോനേഷ്യൻ നാവികസേന പിടിച്ചെടുത്തതോടെയാണ് ബീജിംഗിന്റെ ഗൂഢനീക്കങ്ങൾ പുറത്തുവന്നത്. റോക്കറ്റ്, മിസൈൽ ഇന്ധനങ്ങളും സ്ഫോടകവസ്തുക്കളും നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഈ രാസവസ്തു ഉപയോഗിച്ച് കുറഞ്ഞത് 100 മിസൈലുകൾ എങ്കിലും നിർമ്മിക്കാൻ സാധിക്കുമെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ. ചൈന, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ ചേർന്ന് ഇന്ത്യയ്‌ക്കെതിരെ ഒരു ‘ത്രികക്ഷി സഖ്യം’ രൂപപ്പെടുത്തുന്നുണ്ടോ എന്ന ആശങ്ക ഇതോടെ ശക്തമായിരിക്കുകയാണ്.
ചൈനയിലെ ലിയാൻയുൻഗാങ് തുറമുഖത്ത് നിന്ന് ബംഗ്ലാദേശിലെ മോംഗ്ല തുറമുഖത്തേക്ക് പോവുകയായിരുന്ന ‘എംവി സ്റ്റാർ ലൈൻ’ (MV Star Line) എന്ന കപ്പലാണ് വടക്കൻ സുമാത്രയിലെ ബെലവാൻ തീരത്തുവെച്ച് ഇന്തോനേഷ്യൻ നാവികസേന തടഞ്ഞത്. കപ്പലിലെ 36 കണ്ടെയ്‌നറുകളിൽ 15 എണ്ണത്തിലായി 405 ടൺ സോഡിയം പെർക്ലോറേറ്റും, രജിസ്റ്റർ ചെയ്യാത്ത ദശലക്ഷക്കണക്കിന് 4G സിം കാർഡുകളുമാണ് ഉണ്ടായിരുന്നത്. ആഫ്രിക്കൻ ദ്വീപ് രാഷ്ട്രമായ കൊമോറോസിൽ രജിസ്റ്റർ ചെയ്ത കപ്പലിന്റെ രേഖകൾ സസ്‌പെൻഡ് ചെയ്ത നിലയിലായിരുന്നുവെന്നും, നിശ്ചിത പാതയിൽ നിന്ന് വ്യതിചലിച്ച് സഞ്ചരിച്ചതാണ് സംശയത്തിനിടയാക്കിയതെന്നും ഇന്തോനേഷ്യൻ നാവികസേന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മോംഗ്ല തുറമുഖത്ത് ആരാണ് ഈ ചരക്ക് സ്വീകരിക്കേണ്ടിയിരുന്നത് എന്ന കാര്യത്തിൽ രേഖകളിൽ വ്യക്തത ഇല്ലാത്തതും ദുരൂഹത വർധിപ്പിക്കുന്നു.
‘ഓപ്പറേഷൻ സിന്ദൂറി’ന് (Operation Sindoor) പിന്നാലെ ഇന്ത്യയുടെ ശക്തമായ സൈനിക തിരിച്ചടി നേരിട്ടതോടെയാണ്, നേരിട്ടുള്ള ഏറ്റുമുട്ടലിന് മുതിരാതെ അയൽരാജ്യങ്ങളെ ഉപയോഗിച്ച് ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ ചൈന ശ്രമിക്കുന്നത്. കഴിഞ്ഞ ആഴ്ച പുറത്തുവന്ന ഒരു ഔദ്യോഗിക യുഎസ് റിപ്പോർട്ടിലും, ഓപ്പറേഷൻ സിന്ദൂർ വേളയിൽ ഇന്ത്യയെ നേരിടാൻ ചൈന പാകിസ്ഥാന് നൽകിയ പിന്തുണയെക്കുറിച്ച് പരാമർശിച്ചിരുന്നു. പാകിസ്ഥാനും തുർക്കിയും സഹായിച്ചിട്ടും ഇന്ത്യ ശക്തമായി തിരിച്ചടിച്ചതോടെയാണ് ബംഗ്ലാദേശിനെ കൂടി തങ്ങളുടെ തന്ത്രപരമായ നീക്കങ്ങളുടെ ഭാഗമാക്കാൻ ചൈന ശ്രമിക്കുന്നത്.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പുറത്താക്കലിന് പിന്നാലെ ബംഗ്ലാദേശിൽ ഇന്ത്യ വിരുദ്ധ വികാരം ശക്തമാവുകയും, രാജ്യം ചൈനയോടും പാകിസ്ഥാനോടും കൂടുതൽ അടുക്കുകയും ചെയ്യുന്നത് ഇന്ത്യൻ സുരക്ഷാ ഏജൻസികൾ ഗൗരവത്തോടെയാണ് കാണുന്നത്. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്റെ കാലത്തും നിലവിലെ താരിഖ് റഹ്മാൻ സർക്കാരിന് കീഴിലും പാകിസ്ഥാനിൽ നിന്ന് വെടിക്കോപ്പുകളും ആർഡിഎക്സും (RDX) വാങ്ങാൻ ബംഗ്ലാദേശ് സൈന്യം കരാറിലേർപ്പെട്ടിരുന്നു. കൂടാതെ, ചൈനയിൽ നിന്ന് J-10 യുദ്ധവിമാനങ്ങൾ വാങ്ങാനും അതിർത്തി മേഖലയിൽ പുതിയ വ്യോമതാവളം നിർമ്മിക്കാനും ബംഗ്ലാദേശ് ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ, ഇന്ത്യയുടെ തന്ത്രപ്രധാനമായ സിലിഗുരി ഇടനാഴിക്ക് (ചിക്കൻസ് നെക്ക്) സമീപമുള്ള ബംഗ്ലാദേശ് അതിർത്തിയിൽ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ (ISI) ഉദ്യോഗസ്ഥരുടെ സാന്നിധ്യം കണ്ടെത്തിയത് സുരക്ഷാ ആശങ്കകൾ ഇരട്ടിയാക്കിയിട്ടുണ്ട്. ചൈന-പാക്-ബംഗ്ലാദേശ് സഖ്യം ഇന്ത്യയുടെ സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാകുമെന്ന് മുൻ സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സാഹചര്യം കണക്കിലെടുത്ത് ‘ചിക്കൻസ് നെക്ക്’ മേഖലയിൽ ഒരു ബ്രിഗേഡ് സൈന്യത്തെ കൂടി വിന്യസിച്ച് ഇന്ത്യ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇന്ത്യയുടെ ‘ചിക്കൻസ് നെക്കിനെ’ ലക്ഷ്യമിടുന്നവർ ബംഗ്ലാദേശിനും സമാനമായ രണ്ട് തന്ത്രപ്രധാന ഇടനാഴികൾ (നോർത്ത് ബംഗ്ലാദേശ് ഇടനാഴി, ചിറ്റഗോംഗ് ഇടനാഴി) ഉണ്ടെന്ന കാര്യം മറക്കരുതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.










