ന്യൂഡൽഹി: ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ടത് ഭക്ഷണത്തിൽ നിന്ന് ‘പഞ്ചസാര’ (Added Sugar) ഒഴിവാക്കുക എന്നതാണ്. എന്നാൽ വെറും രണ്ടാഴ്ചത്തേക്ക്, അതായത് 14 ദിവസം തുടർച്ചയായി പഞ്ചസാര ഒഴിവാക്കിയാൽ ശരീരത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുക? കേവലം ശരീരഭാരം കുറയുന്നതിനപ്പുറം ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളെയും (Metabolism) ഹോർമോണുകളെയും അടിമുടി മാറ്റാൻ ഈ 14 ദിവസത്തെ ‘നോ ഷുഗർ’ ചലഞ്ചിന് സാധിക്കുമെന്ന് പ്രമുഖ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി വ്യക്തമാക്കുന്നു. എയിംസ് (AIIMS), ഹാർവാർഡ്, സ്റ്റാൻഫോർഡ് എന്നിവിടങ്ങളിൽ നിന്ന് പരിശീലനം നേടിയ ഡോ. സേഥി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്.
സോഡകൾ, മധുരമുള്ള പാനീയങ്ങൾ, ബേക്കറി പലഹാരങ്ങൾ, സോസുകൾ, പായ്ക്കറ്റ് ജ്യൂസുകൾ എന്നിവയിലൂടെ ഉള്ളിലെത്തുന്ന അമിത പഞ്ചസാര വെറും കലോറി മാത്രമല്ല നൽകുന്നത്. ഇത് അമിതവണ്ണം, ടൈപ്പ്-2 പ്രമേഹം, ഫാറ്റി ലിവർ, ഹൃദ്രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. പഞ്ചസാര ഒഴിവാക്കുന്ന ആദ്യ 14 ദിവസങ്ങളിൽ ശരീരം കടന്നുപോകുന്ന മൂന്ന് പ്രധാന ഘട്ടങ്ങളെക്കുറിച്ചാണ് ഡോക്ടർ വിശദീകരിക്കുന്നത്.
ആദ്യ ഒന്ന് മുതൽ മൂന്ന് വരെയുള്ള ദിവസങ്ങൾ അല്പം പ്രയാസകരമായിരിക്കും. പഞ്ചസാര പെട്ടെന്ന് നിർത്തുമ്പോൾ മധുരം കഴിക്കാനുള്ള അമിതമായ ആഗ്രഹം (Cravings), തലവേദന, കടുത്ത ക്ഷീണം എന്നിവ അനുഭവപ്പെടാം. കൂടാതെ പെട്ടെന്നുള്ള ദേഷ്യം, മൂഡ് മാറ്റങ്ങൾ, ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാത്ത അവസ്ഥ (Brain fog) എന്നിവയും ഉണ്ടായേക്കാം. സ്ഥിരമായി ലഭിച്ചുകൊണ്ടിരുന്ന മധുരം നിലയ്ക്കുമ്പോൾ തലച്ചോറ് അതിനോട് പൊരുത്തപ്പെടാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണിത്.
നാലാം ദിവസം മുതൽ ഏഴാം ദിവസം വരെയുള്ള രണ്ടാം ഘട്ടത്തിൽ ശരീരം പുതിയ സാഹചര്യവുമായി പൊരുത്തപ്പെട്ടു തുടങ്ങും. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുകയും കുറയുകയും ചെയ്യുന്ന അവസ്ഥ മാറുന്നതോടെ ശരീരത്തിന് സ്ഥിരതയുള്ള ഊർജ്ജം ലഭിച്ചു തുടങ്ങും. മധുരത്തോടുള്ള ആർത്തി കുറയുകയും, വയർ വീർക്കുന്ന അവസ്ഥയ്ക്ക് (Bloating) ആശ്വാസം ലഭിക്കുകയും ചെയ്യും. ഉച്ചഭക്ഷണത്തിന് ശേഷമുള്ള കടുത്ത ക്ഷീണവും ഉറക്കച്ചടവും ഈ ദിവസങ്ങളിൽ കുറയും.
എട്ടാം ദിവസം മുതൽ പതിനാലാം ദിവസം വരെയുള്ള അവസാന ഘട്ടത്തിലാണ് യഥാർത്ഥ മാറ്റങ്ങൾ പ്രകടമാകുന്നത്. ശരീരത്തിലെ നീർക്കെട്ടും വീക്കവും കുറയുന്നതിനാൽ വയർ കൂടുതൽ ഒതുങ്ങിയതായി തോന്നും. രക്തത്തിലെ ഫാസ്റ്റിംഗ് ഗ്ലൂക്കോസ് (Fasting Glucose) നില മെച്ചപ്പെടുന്നത് ഉപാപചയ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തും. വെറുതെ കൊതി തോന്നി ഭക്ഷണം കഴിക്കുന്നതിന് പകരം, ശരീരത്തിന് യഥാർത്ഥത്തിൽ വിശക്കുമ്പോൾ മാത്രം കഴിക്കുന്ന രീതിയിലേക്ക് വിശപ്പ് സിഗ്നലുകൾ മാറും. ഇതിനെല്ലാം പുറമെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമാകുന്നതോടെ രാത്രിയിൽ കൂടുതൽ സുഖകരവും ആഴത്തിലുള്ളതുമായ ഉറക്കവും ലഭിച്ചു തുടങ്ങും. ഈ ഘട്ടത്തെ ‘മെറ്റബോളിക് റീസെറ്റ്’ (Metabolic Reset) എന്നാണ് ഡോ. സൗരഭ് സേഥി വിശേഷിപ്പിക്കുന്നത്.












