തിരുവനന്തപുരം: തിരുവനന്തപുരം കുന്നത്തുകാലില്‍ കഴിഞ്ഞ ദിവസം നടന്ന ക്വാറി അപകടത്തില്‍ മരണപ്പെട്ടവര്‍ക്കുള്ള ദുരിതാശ്വാസം നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കുന്നതിനിടെ ഡെപ്യൂട്ടി കളക്ടറെ പരസ്യമായി ശകാരിച്ച പാറശാല എംഎല്‍എ സി.കെ. ഹരീന്ദ്രന്‍ സംസ്ഥാന വനിതാ കമ്മീഷന്റെ അതൃപ്തി മാത്രം. അതേസമയം താന്‍ ആരെയും ശകാരിച്ചില്ലെന്നാണ് എംഎല്‍എയുടെ വാദം.
എംഎല്‍എയെ ഫോണില്‍ വിളിച്ചാണ് കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന് അതൃപ്തി അറിയിച്ചത്. വനിതകളോട് പെരുമാറേണ്ടത് ഇങ്ങനെയാണോ എന്ന് ജോസഫൈന് ചോദിച്ചു. ഡെപ്യൂട്ടി കളക്ടര്‍ എസ്.ജെ വിജയുമായും ജോസഫൈന് സംസാരിച്ചു.എം.എൽ.എ ഒരു കാരണവുമില്ലാതെയാണ് തന്നോട് കയർത്തതെന്നും അതിൽ വിഷമം ഉണ്ടെന്നും വിജയ പറഞ്ഞു.
പാറമട അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ദുരിതാശ്വാസം നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ചയ്ക്കിടെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ നല്‍കും എന്ന് പറയണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കളക്ടറുടെ മീറ്റിംഗില്‍ തീരുമാനിച്ചതേ തനിക്ക് പറയാന്‍ കഴിയൂ എന്ന ഉദ്യോഗസ്ഥയുടെ നിലപാടാണ് എംഎല്‍എയെ പ്രകോപിതനാക്കിയത്.
‘എന്നെ നിനക്ക് അറിയില്ല, നിന്നെ ആരാടീ ഇവിടെ എടുത്തോണ്ടു വന്നത്’. ഒരു ലക്ഷം രൂപ വാങ്ങിച്ചു കൊടുക്കാമെന്നു പറയാൻ നീയാരാ? നിനക്ക് എന്നെ അറിയില്ല, ആരാടീ നിന്നെ ഇവിടെ കൊണ്ടുവച്ചത്. നിങ്ങളോട് എന്താണ് ഞാൻ ചോദിച്ചത്? ഇതു നാട്ടുകാർ കൈകാര്യം ചെയ്യും’, എന്നൊക്കെയായിരുന്നു ക്ഷോഭത്തോടെ ഹരീന്ദ്രൻ ചോദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെയാണ് പ്രശ്നം വിവാദമായത്.
അതേസമയം എംഎല്‍എയെക്കൊണ്ട് മാപ്പ് പറയിക്കണമെന്ന ആവശ്യം സോഷ്യല്‍മീഡിയയില്‍ ശക്തമായിരിക്കുകയാണ്.
Discussion about this post