ശബരിമലയില്‍ മണ്ഡലകാലത്ത് വരുന്ന വാഹനങ്ങള്‍ക്ക് പോലീസിന്റെ പാസെടുക്കില്ലെന്നും ധൈര്യമുണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് തടയട്ടെയെന്നും ബി.ജെ.പി നേതാവ് എം.ടി.രമേശ്. പിണറായി സര്‍ക്കാര്‍ വിശ്വാസികളെ അടിച്ചമര്‍ത്താന്‍ വേണ്ടി കേട്ടുകേള്‍വിയില്ലാത്ത നിയന്ത്രണങ്ങളാണ് ശബരിമലയില്‍ കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്‍.ഡി.എയുടെ ശബിരമല സംരക്ഷണ രഥയാത്രയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത് ജനാധിപത്യ വിരുദ്ധമായ ഉത്തരവുകളാണെന്നും ഇത് പാലിക്കേണ്ട ബാധ്യത ജനങ്ങള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലകാലത്ത് ആയിരക്കണക്കിന് വാഹനങ്ങള്‍ പാസില്ലാതെ ശബരിമലയിലെത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയന് വിശ്വാസികള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഇതിനെതിരെ നീങ്ങേണ്ടത് വിശ്വാസികളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി വിശ്വാസികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ ഒരു യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് യുവതികളെ പ്രവേശിപ്പിക്കണമെന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ടോയെന്ന് പിണറായി വിജയന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ മര്‍ക്കടമുഷ്ടി കേരളത്തിന്റെ സമാധാന അന്തിരീക്ഷം തകര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post