പെരിന്തല്‍മണ്ണ: ആചാരം ലംഘിച്ച് ശബരിമലയില്‍ ദര്‍ശനം നടത്തിയ ശേഷം വീട്ടിലെത്തിയ കനകദുര്‍ഗ്ഗയ്ക്ക് ബന്ധുക്കളുടെ മര്‍ദ്ദനം. പെരിന്തല്‍മണ്ണയിലെ വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മര്‍ദ്ദിച്ചതായി കനകദുര്‍ഗ്ഗ പരാതിയില്‍ പറയുന്നു.
കനകദുര്‍ഗയെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്ക് ശേഷം 97ാം ദിവസമാണ് കനക ദുര്‍ഗ്ഗ ശബരിമലയില്‍ ദര്‍ശനം നടത്തിയത്. തുടര്‍ന്ന് പോലിസ് സംരക്ഷണത്തിലായിരുന്നു കനകദുര്‍ഗ്ഗയും കൂടെയുണ്ടായിരുന്ന അഡ്വക്കറ്റ് ബിന്ദുവും. കഴിഞ്ഞ ദിവസം മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആക്ഷേപം ഉയര്‍ന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ കനക ദുര്‍ഗ്ഗ പങ്കെടുത്തിരുന്നു. ഇതിന് പിറകെയാണ് ജോലിയില്‍ അവധി അവസാനിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ വീട്ടിലെത്തിയത്. ഇവിടെ വച്ച് ഭര്‍ത്താവിന്റെ അമ്മ മര്‍ദ്ദിച്ചുവെന്നാണ് വിവരം. പരിക്ക് കാര്യമുള്ളതല്ല
നേരത്തെ കുടുംബം കനകദുര്‍ഗയെ തള്ളിപ്പറഞ്ഞിരുന്നു.കനക ദുര്‍ഗ്ഗയുടെ മാവോയിസ്റ്റ് ബന്ധം അന്വേഷിക്കണമെന്ന് ഭര്‍ത്താവ് ഉള്‍പ്പടെ ഉള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. സിപിഎം നേതാക്കളും പോലിസുകാരും ഇടപെട്ടാണ് കനകദുര്‍ഗ്ഗയെ മലകയറ്റിയത് എന്ന ആക്ഷേപം സഹോദരന് ഉന്നയിച്ചിരുന്നു.
Discussion about this post