ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെഎൻയു) മലയാളി വിദ്യാര്‍ത്ഥിയെ ലൈബ്രറി കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംഎ വിദ്യാര്‍ത്ഥി ഋഷി ജോഷ്വയെയാണു (24) ലൈബ്രറിയുടെ താഴത്തെ നിലയിലെ പഠനമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സ്കൂൾ ഓഫ് ലാംഗ്വേജിലെ രണ്ടാം വർഷ എംഎ വിദ്യാര്‍ത്ഥിയായ ഋഷി മരിക്കുന്നതിനു മുൻപു തന്റെ പ്രഫസർക്കു ഇമെയിൽ സന്ദേശമയച്ചിരുന്നെന്നും പറയുന്നു. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
ലൈബ്രറി കെട്ടിടത്തിന്റെ താഴ്നിലയിലെ മുറി അകത്തു നിന്നു പൂട്ടിയിരിക്കുകയായിരുന്നെന്നും കതകിൽ മുട്ടിയപ്പോൾ ഒരു പ്രതികരണവും ലഭിച്ചില്ലെന്നു സൗത്ത് വെസ്റ്റ് പൊലീസ് ഡപ്യൂട്ടി കമ്മിഷണർ ദേവേന്ദർ ആര്യ പറഞ്ഞു. തുടർന്നു വാതിൽ ബലം പ്രയോഗിച്ചു തുറന്ന് അകത്തു പ്രവേശിക്കുകയായിരുന്നു. സഫ്ദർജങ് ആശുപത്രിയിൽ ഉടനെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഋഷി ഏതാനും നാളായി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നെന്നും വിഷാദത്തിനു ചികിത്സ തേടിയിരുന്നെന്നും പറയുന്നു. ചൊവ്വാഴ്ച നടന്ന അവസാന സെമസ്റ്റർ പരീക്ഷ ഋഷി എഴുതിയിരുന്നില്ല. ഋഷിയുടെ കുടുംബം വർഷങ്ങളായി തമിഴ്നാട് വെല്ലൂരാണു താമസം.
Discussion about this post