ഡൽഹി: 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കവെ മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ ധനകാര്യ മന്ത്രിയുമായ പി ചിദംബരം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത് അദ്ദേഹത്തിനും ഭാര്യക്കുമായി 95 കോടി 66 ലക്ഷം രൂപയുടെ ആസ്തിയുണ്ടെന്നാണ്. താൻ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനാണെന്നും ഭാര്യ മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകയാണെന്നും രേഖയിൽ പറയുന്നു.
കൈയ്യിൽ പണമായി 5 ലക്ഷം രൂപയും 24 ബാങ്കുകളിലായി 25 കോടി 73 ലഷം രൂപ നിക്ഷേപമായും ഉണ്ടായിരുന്നു. പണമായും നിക്ഷേപമായും മ്യൂച്വൽ ഫണ്ട് നിക്ഷേപമായും സ്വർണ്ണമായും ഓഹരികളായും അന്നത്തെ സമ്പാദ്യം 54 കോടി 30 ലക്ഷം രൂപയായിരുന്നെന്നും മറ്റിനങ്ങളിലായി 41 കോടി 35 ലക്ഷം രൂപ ഉണ്ടായിരുന്നതായും രേഖകൾ വ്യക്തമാക്കുന്നു. ഭാര്യക്ക് 23 ലക്ഷം രൂപയുടെ വജ്രാഭരണങ്ങൾ ഉണ്ടായിരുന്നതായും സത്യവാങ്മൂലത്തിൽ കാണിച്ചിരുന്നു.
തമിഴ് നാട്ടിലെ ശിവഗംഗയിലെ സിറ്റിംഗ് എം പി യായ മകൻ കാർത്തി ചിദംബരത്തിന്റെ പ്രഖ്യാപിത ആസ്തി 79 കോടി 37 ലക്ഷം രൂപയാണ്.
എന്നാൽ അഴിമതിക്കേസിൽ കഴിഞ്ഞ വർഷം കാർത്തി ചിദംബരത്തിന്റെ 54 കോടി രൂപയുടെ വസ്തുവകകൾ എൻഫോഴ്സ്മെന്റ് കണ്ടു കെട്ടിയിരുന്നു. ഐ എൻ എക്സ് മീഡിയ അഴിമതിയുമായി ബന്ധപ്പെട്ട് സ്പെയിനിലും യു കെയിലുമുണ്ടായിരുന്ന നിക്ഷേപങ്ങളും കണ്ടു കെട്ടിയിരുന്നു.
ഐ എൻ എക്സ് മീഡിയ എന്ന മാദ്ധ്യമ സ്ഥാപനത്തിന് നിയമം ലംഘിച്ച് വിദേശഫണ്ട് സ്വീകരിക്കുകയും അതിൽ 305 കോടി രൂപയുടെ അഴിമതി നടത്തുകയും ചെയ്തതിനാണ് നിലവിൽ പി ചിദംബരത്തെ സി ബി ഐ അറസ്റ്റ് ചെയ്തിരിക്കുന്നത്. അഴിമതിയിലൂടെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭ്യമാക്കിയെന്നാണ് കേസ്.
Discussion about this post