ഡൽഹി: പ്ലാസ്റ്റിക് നിരോധനത്തിന് പിന്തുണയുമായി സാമൂഹിക മാദ്ധ്യമങ്ങളിൽ സന്ദേശം പങ്കു വെച്ച ചലച്ചിത്ര പ്രവർത്തകർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. വരുൺ ധവാനും സാറാ അലി ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന കൂലി നമ്പർ വൺ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് പ്ലാസ്റ്റിക് നിരോധനത്തിനെ അനുകൂലിച്ച് പ്രധാനമന്ത്രിയുടെ പ്രശംസ പിടിച്ചു പറ്റിയിരിക്കുന്നത്.
പ്ലാസ്റ്റിക് ഉപേക്ഷിക്കനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം അടിയന്തര പ്രാധാന്യമുള്ളതാണെന്നും പ്ലാസ്റ്റിക് മുക്ത രാജ്യമെന്ന ആശയത്തിന് പിന്തുണ അറിയിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് കുപ്പികൾ ഉപേക്ഷിച്ച് സ്റ്റീൽ വാട്ടർ ബോട്ടിലുകൾ ഉപയോഗിക്കാൻ തങ്ങൾ തീരുമാനിച്ചതായും അറിയിച്ചു കൊണ്ടാണ് സംഘം ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.
കൂലി നമ്പർ വൺ സംഘത്തിന്റെ നടപടി ഗംഭീരമാണ്. പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തിൽ നിന്നും ഇന്ത്യയെ മോചിപ്പിക്കാനുള്ള ചലച്ചിത്ര ലോകത്തിന്റെ ശ്രമങ്ങൾ തന്നെ സന്തുഷ്ടനാക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റിലൂടെ മറുപടി നൽകി.
കഴിഞ്ഞ സ്വാതന്ത്ര്യ ദിന സന്ദേശത്തിലും തുടർന്നുള്ള മൻ കി ബാതിലും പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കേണ്ടുന്നതിന്റെ ആവശ്യകതയെ പറ്റി പ്രധാനമന്ത്രി സംസാരിച്ചിരുന്നു. ഒക്ടോബർ 2 മുതൽ പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കാനുള്ള ശക്തമായ നടപടികൾ നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്ലാസ്റ്റിക് വിരുദ്ധ ആശയത്തിന് വലിയ പിന്തുണയാണ് രാജ്യമെമ്പാടും ലഭിക്കുന്നത്. പ്ലാസ്റ്റിക് നിരോധനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കക്ഷി രാഷ്ട്രീയ ഭേദമെന്യെ നിരവധി പ്രമുഖർ രംഗത്ത് വന്നിരുന്നു. ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ പ്രധാനമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് ഒരു വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.
1995ൽ ഗോവിന്ദ നായകനായി അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു കൂലി നമ്പർ വൺ. അതിന്റെ റീമേക്കാണ് നിലവിൽ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. വരുൺ ധവാൻ, സാറാ അലി ഖാൻ, പരേഷ് റാവൽ, രാജ്പാൽ യാദവ്, ജോണി ലെവർ, ജാവേദ് ജഫ്രി തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന കൂലി നമ്പർ വൺ സംവിധാനം ചെയ്യുന്നത് ഡേവിഡ് ധവാനാണ്.
Discussion about this post