ചണ്ഡീഗഡ്: ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കണമെന്ന നിലപാട് ആവർത്തിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ. അനധികൃതമായി വിദേശികൾ രാജ്യത്ത് തുടരാൻ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേശീയ പൗരത്വ രജിസ്റ്റർ ഹരിയാനയിൽ നടപ്പിലാക്കും. ദേശീയ താത്പര്യം സംരക്ഷിക്കാൻ രജിസ്റ്റർ രാജ്യമെമ്പാടും നടപ്പിൽ വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിൽ ബിജെപി തിരഞ്ഞെടുപ്പിന് സജ്ജമായി കഴിഞ്ഞെന്നും വിജയം സുനിശ്ചിതമാണെന്നും ഘട്ടർ കൂട്ടിച്ചേർത്തു. ദീപാവലിക്ക് മുൻപായി പുതിയ സർക്കാർ അധികാരത്തിലേറുമെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
ശിരോമണി അകാലിദളുമായുള്ള സഖ്യം ശക്തമായി മുന്നോട്ട് പോകുകയാണ്. പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം ബിജെപിയിൽ എത്തിയത് പാർട്ടിയുടെ ചിട്ടയായ പ്രവർത്തനത്തിന്റെയും രാജ്യ താത്പര്യം മുൻ നിർത്തിയുള്ള വിട്ടു വീഴ്ചയില്ലാത്ത നടപടികളുടെയും ഫലമായിട്ടാണെന്നും ഘട്ടർ വ്യക്തമാക്കി.
മഹാരാഷ്ട്രയിലും ഹരിയാനയിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മനോഹർലാൽ ഘട്ടറിന്റെ പ്രതികരണം. രണ്ട് സംസ്ഥാനങ്ങളിലും ഒക്ടോബർ 21ന് തിരഞ്ഞെടുപ്പ് നടക്കുമെന്നും ഒക്ടോബർ 24ന് ഫലപ്രഖ്യാപനം വരുമെന്നും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ദേശീയ പൗരത്വ രജിസ്റ്റർ കേവലം തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതല്ലെന്നും വിശാലമായ ദേശീയ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ കൂട്ടിച്ചേർത്തു.
Discussion about this post