ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ ലംഘിച്ച് ഡൽഹിയിൽ ആളുകൾ തടിച്ചു കൂടിയ സംഭവത്തിൽ കർശന നടപടികൾ ആരംഭിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഔദ്യോഗിക കൃത്യ നിർവ്വഹണത്തിൽ വീഴ്ച വരുത്തിയതിന് ഗതാഗതത്തിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയെയും ധനകാര്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെയും അടിയന്തരമായി സസ്പെൻഡ് ചെയ്തു. മറ്റ് രണ്ട് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.
കോടിക്കണക്കിന് ജനങ്ങളുടെ സുരക്ഷയെ അവതാളത്തിലാക്കി ഡൽഹി ആനന്ദ് വിഹാറിൽ ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടം കൂടിയിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളെ വീടുകളിൽ എത്തിക്കാൻ ഉത്തർ പ്രദേശ് അതിർത്തിയിൽ വാഹനങ്ങൾ കാത്തു കിടക്കുന്നതായി ആം ആദ്മി സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ കിംവദന്തി പ്രചരിപ്പിച്ചതിനെ തുടർന്നായിരുന്നു ഇത്തരമൊരു സാഹചര്യം ഉടലെടുത്തത്.
അതേസമയം പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം രാജ്യത്ത് ലോക്ക് ഡൗൺ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ കൂട്ടപ്പലായനം ഒഴിവാക്കുന്നതിന് വേണ്ടി ജില്ലാ- സംസ്ഥാന അതിർത്തികൾ അടയ്ക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷണവും താമസ സൗകര്യവും ഒരുക്കാൻ കേന്ദ്ര ഫണ്ട് ഉപയോഗിച്ച് അടിയന്തര നടപടി സ്വീകരിക്കാനും ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിരുന്നു.
Discussion about this post