ആലപ്പുഴ: എസ് എൻ ഡി പി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ കെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയെ പൊലീസ് ചോദ്യം ചെയ്യും. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയായിരിക്കും ചോദ്യം ചെയ്യൽ.
മഹേശന്റെ മരണശേഷം തുഷാറിനെതിരെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. മഹേശനും തുഷാറും ഒരേ കാലയളവിൽ ഭാരവാഹികളായിരുന്നു. രണ്ടു പേരും ഒപ്പിട്ടാണ് സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത്. മഹേശൻ ക്രമക്കേട് നടത്തി എന്നാരോപിക്കപ്പെടുന്ന പതിനഞ്ച് കോടി രൂപയുടെ വിവരം പുറത്തു വരണം. പിടിച്ചു നിൽക്കാൻ വേണ്ടിയാണ് തുഷാർ ഇപ്പോൾ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും കുടുംബം പറയുന്നു.
എന്നാൽ കണിച്ചുകുളങ്ങര, ചേർത്തല ദേവസ്വത്തിൽ വൻ ക്രമക്കേട് നടന്നുവെന്നും കാണാതായ 15 കോടി രൂപയുടെ ഉത്തരവാദി മഹേശനാണെന്നും തുഷാർ വെള്ളാപ്പള്ളി ആരോപിക്കുന്നു. സാമ്പത്തിക ഇടപാടുകൾ മഹേശൻ ഒറ്റയ്ക്ക് നടത്തിയിരുന്നുവെന്നും ആത്മഹത്യാ കുറിപ്പിൽ കഥ മെനയുകയായിരുന്നുവെന്നും തുഷാർ വിശദീകരിക്കുന്നു.
അതേസമയം മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. മഹേശൻ നിരപരാധിയാണെന്നും അയാൾ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും വെള്ളാപ്പള്ളി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post