കെ.എം.ഷാജി എം.എല്‍.എയുടെ കോഴിക്കോട്ടെ വീടിന് 1.60 കോടി രൂപയുടെ മൂല്യമുണ്ടെന്ന് കോര്പ്പറേഷന്. അനുമതി നല്‍കിയത് മൂവായിരത്തി ഇരുന്നൂറ് ചതുരശ്ര അടിക്കാണെങ്കിലും വീടിന് അയ്യായിരത്തി നാനൂറ് ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്.
നിലവിലെ നിയമപ്രകാരം പിഴയടച്ചാല്‍ വീട് ക്രമപ്പെടുത്താനാകുമെന്നും കോര്പ്പറേഷന് അധികൃതര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്കിയ റിപ്പോട്ടിലുണ്ട്.
ഭാര്യയുടെ പേരിലുള്ള കോഴിക്കോട്ടെ വീടിന്റെ നിര്‍മാണത്തില്‍ ക്രമക്കേടില്ലെന്നായിരുന്നു കെ.എം.ഷാജി എം.എല്‍.എയുടെ വാദം. വീടിന്റെ ഒന്നാം നില ഭാഗികമായും മൂന്നാം നില പൂര്‍ണമായും അനധികൃത നിര്‍മാണമെന്നാണ് കോര്‍പ്പറേഷന്റെ കണ്ടെത്തല്‍.
മൂവായിരത്തി ഇരുന്നൂറ് അടിക്ക് പകരം അയ്യായിരത്തി നാനൂറ് ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് വീടിന്റെ നിര്‍മാണം. വീടിന് ഒരു കോടി അറുപത് ലക്ഷം രൂപയുടെ മൂല്യമുണ്ട്. ഫര്‍ണീച്ചര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ മൂല്യം നിജപ്പെടുത്താനായില്ലെന്നും ഇ.ഡിക്ക് കൈമാറിയ റിപ്പോര്‍ട്ടിലുണ്ട്.
പുതിയ നിയമമനുസരിച്ച് പിഴയടച്ച് ഷാജിക്ക് വീടിന്റെ അനധികൃത നിര്‍മാണം ക്രമപ്പെടുത്താമെന്നാണ് കോര്പ്പറേഷന് പറയുന്നത്. എന്നാല്‍ നിര്‍മാണത്തിന് ചെലവഴിച്ച പണത്തിന്റെ ഉറവിടമാണ് ഇ.ഡി പരിശോധിക്കുന്നത്. സ്കൂളിലെ പ്ലസ് ടു സീറ്റ് അനുവദിച്ചതിന് എം.എല്‍.എ കോഴ വാങ്ങിയെന്ന് പരാതി ഉയര്‍ന്ന കാലയളവിലാണ് വീടിന്റെ നിര്‍മാണം. കണ്ണൂരിലെ വീടുമായി ബന്ധപ്പെട്ട രേഖകള്‍ ചിറയ്ക്കല്‍ പഞ്ചായത്ത് സെക്രട്ടറിയും ഇ.ഡിക്ക് കൈമാറി. നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചുള്ള നിര്‍മാണമാണ് കണ്ണൂരിലേതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
Discussion about this post