ഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ പാക് ഭീകര സംഘടനയായ ജെയ് ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന നിര്‍ണ്ണായക വിവരങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടു. പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎ വെളിപ്പെടുത്തുന്നത്. ജെയ് ഷെ മുഹമ്മദ് നേതൃത്വത്തിന്റെ കൃത്യമായ ആസൂത്രണത്തിന്റെ ഫലമാണ് ഭീകരാക്രമണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ 19 ഭീകരരെ പ്രതിചേര്‍ത്ത് 13,800 പേജുള്ള കുറ്റപത്രമാണ് എന്‍ഐഎ തയ്യാറാക്കിയിട്ടുള്ളത്.
ജെയ് ഷെ മുഹമ്മദ് തലവന്‍ മൗലാനാ മസൂദ് അസറിന്റെയും സഹോദരങ്ങളുടെയും പങ്കും കുറ്റപത്രത്തില്‍ എന്‍ഐഎ വ്യക്തമാക്കുന്നുണ്ട്. മസൂദ് അസറും, സഹോദരങ്ങളായ അബ്ദുള്‍ റൗഫ് അസ്ഗര്‍, അമ്മാര്‍ അല്‍വി എന്നിവരും ഭീകരരുമായി വാട്സ് ആപ്പ് വഴി നിരന്തരം ബന്ധപ്പെട്ടിരുന്നു. ആക്രമണം നടത്തുന്നതിനായി ഭീകരര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നത് ഇവരാണ്. പുല്‍വാമയ്ക്ക് പിന്നാലെ സമാനമായ രീതിയില്‍ മറ്റൊരു ആക്രമണത്തിനു കൂടി ഭീകരര്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ബലാക്കോട്ടില്‍ ഇന്ത്യ പ്രത്യാക്രമണം നടത്തിയതോടെ ഇതില്‍ നിന്നും ജെയ് ഷെ മുഹമ്മദ് പിന്തിരിഞ്ഞുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ഐസി 814 ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയ കേസിലെ ആസൂത്രകന്‍ ഇബ്രാഹിം അത്തറിന്റെ മകന് മുഹമ്മദ് ഉമര്‍ ഫറൂഖിയാണ് ആക്രമണത്തിനായുള്ള കാര്‍ വാങ്ങിയ നല്‍കിയത്. ഭീകരാക്രമണത്തിന് മുന്‍പ് ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 10 ലക്ഷം രൂപയുടെ പാക് കറന്‍സികള്‍ എത്തിയിരുന്നു. ഇതില്‍ നിന്നും അഞ്ചര ലക്ഷം രൂപ ചിലവിട്ടാണ് ഇയാള്‍ കാര്‍ വാങ്ങി നല്‍കിയതെന്നും കുറ്റപത്രത്തിലുണ്ട്.
Discussion about this post