കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് യൂണിടാക് നല്കിയ കമ്മീഷനായ ഒരു കോടി രൂപയാണ് സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷിന്റെയും ചാര്‍ട്ടേഡ് അക്കൗണ്ടിന്റെയും പേരിലുള്ള രണ്ട് ലോക്കറുകളില്‍ ഉള്ളതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍ഫോഴ്സ്മെന്റ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച എതിര് സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങളുള്ളത്.
ഇത് മൂന്നാം തവണയാണ് ഇഡി റജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കര്‍ ജാമ്യത്തിന് ശ്രമിക്കുന്നത്. 150-ലധികം പേജുകളുള്ള വിശദമായ സത്യവാങ്മൂലമാണ് എന്‍ഫോഴ്സ്മെന്റ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
സ്വപ്നയുടെ പേരിലുള്ള എസ്ബിഐയിലെയും ഫെഡറല്‍ ബാങ്കിലെയും ലോക്കറുകളിലെ ഒരു കോടി രൂപ ആരുടേതാണെന്ന ചോദ്യം ആദ്യം മുതലേ ഉയര്‍ന്നിരുന്നതാണ്. ഷാര്‍ജ ഭരണാധികാരി സമ്മാനമായി തന്നതാണെന്ന് ആദ്യവും പിന്നീട് അച്ഛന് വിവാഹസമ്മാനമായി തന്നതാണെന്ന് പിന്നീടും പരസ്പരവിരുദ്ധമായ മൊഴികളാണ് സ്വപ്ന പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ പത്താം തീയതി അട്ടക്കുളങ്ങര ജയിലില്‍ വച്ച് സ്വപ്നയുടെ വിശദമായ മൊഴിയെടുത്തപ്പോള്‍ എവിടെ നിന്നാണ് ഈ പണം ലഭിച്ചതെന്ന് സ്വപ്ന വ്യക്തമാക്കിയെന്നാണ് ഇഡി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
Discussion about this post