കൊച്ചി: മൂന്നാര്‍ സമരത്തില്‍ ആവശ്യമെങ്കില്‍ നേരിട്ട് ഇടപെടുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സമരം നടത്തുന്നവരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. ആവശ്യമെങ്കില്‍ താന്‍ നേരിട്ട് പ്രശ്നത്തില്‍ ഇടപെടും. കെ.ഡി.എച്ച്.പി. കമ്പനി അധികൃതരുമായി നാളെ എറണാകുളത്ത് വെച്ച് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. പ്രശ്നപരിഹാരത്തിനായി വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന് മുഹമ്മദിനെയും തൊഴില്‍ വകുപ്പു മന്ത്രി ഷിബു ബേബി ജോണിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കമ്പനി വിട്ടുവീഴ്ചയ്ക്ക് തയാറാകണം. പ്രശ്നം പരിഹരിക്കപ്പെടണം എന്ന കാര്യത്തില്‍ സംശയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൊഴിലാളികളുടെ പ്രശ്നത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് രാജേന്ദ്രന് എം.എല്‍.എ. നിരാഹാരസമരം തുടങ്ങി. അതേസമയം നാളെ ആലുവയില്‍ തൊഴില്‍മന്ത്രി ഷിബു ബേബിജോണുമായി സമരക്കാര്‍ ചര്‍ച്ച നടത്തും.
തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് സര്‍ക്കാര്‍ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ താന്‍ മൂന്നാറിലെത്തുമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് പ്രഖ്യാപിച്ചിരുന്നു.
കെ.ഡി.എച്ച്.പി. കമ്പനിയിലെ തൊഴില്‍പ്രശ്നം അതിരൂക്ഷമായിത്തുടരുകയാണ്. വെള്ളിയാഴ്ച സമരസ്ഥലത്തെത്തിയ എസ്.രാജേന്ദ്രന് എം.എല്‍.എ.യെ സമരക്കാര്‍ വിരട്ടിയോടിച്ചു ചെരിപ്പുകളും കല്ലുമായി തൊഴിലാളിസ്ത്രീകള്‍ എം.എല്‍.എ.യെ ഓടിച്ചുത്. എന്നാല്‍, ഉച്ചയോടെ എത്തിയ ബിജിമോള്‍ എം.എല്‍.എയെ സമരക്കാര്‍ കൈയടിയോടെ സ്വീകരിക്കുകയുംചെയ്തു. വൈകീട്ട് ജില്ലാ കളക്ടര്‍ വി.രതീശന് എത്തി, റോഡുപരോധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല. ബോണസ്, ശമ്പളവര്‍ധന ആവശ്യപ്പെട്ട് കെ.ഡി.എച്ച്.പി. കമ്പനി തൊഴിലാളികള്‍ നടത്തിവരുന്ന സമരത്തെത്തുടര്‍ന്ന് ഏഴാംദിവസവും മൂന്നാര്‍ സ്തംഭിച്ചു.
Discussion about this post