കണ്ണൂര്‍: കൂത്തുപറമ്പിൽ തിരഞ്ഞെടുപ്പിനു ശേഷം പൊട്ടിപ്പുറപ്പെട്ട രാഷ്ട്രീയ സംഘര്‍ഷം അവസാനിപ്പിക്കാന്‍ കലക്ടര്‍ വിളിച്ചുചേര്‍ത്ത സമാധാന യോഗം യു.ഡി.എഫ് ബഹിഷ്കരിച്ചു. പൊലീസ് നടപടി ഏകപക്ഷീയമാണെന്നും കൊലപാതകം നടന്ന് 40 മണിക്കൂറായിട്ടും പ്രതികളെ പിടികൂടാന്‍ ആയില്ലെന്നും ആരോപിച്ചാണ് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയത്. പ്രതികളെ മുഴുവന്‍ പിടികൂടിയ ശേഷം സമാധാന യോഗത്തില്‍ പങ്കെടുക്കാമെന്നും യു.ഡി.എഫ് നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവസ്ഥലത്ത് നിന്ന് പിടികൂടി പൊലീസിന് കൈമാറിയ പ്രതിയുടെ അറസ്റ്റ് പോലും രേഖപ്പെടുത്തിയത് ബുധനാഴ്ച വൈകിയാണെന്നും, കൊലപാതകത്തില്‍ പങ്കെടുത്തവരെ തിരിച്ചറിഞ്ഞെന്ന് പറയുമ്പോളും, ആരെയും അറസ്റ്റ് ചെയ്യാനായില്ലെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. ”യു.ഡി.എഫ് പ്രവര്‍ത്തകരെ തിരഞ്ഞു പിടിച്ച് മര്‍ദ്ദിക്കുന്നു. തെളിവുകൾ നല്‍കിയിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ല. ഈ പൊലീസില്‍ നിന്ന് നീതി ലഭിക്കുമെന്ന് വിശ്വാസമില്ല, അതിനാല്‍ കടുത്ത പ്രക്ഷോഭത്തിലേക്ക് പോകുകയാണ്.” അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
”ഷുഹൈബ് കൊല്ലപ്പെട്ടപ്പോള്‍ തെളിവു നശിപ്പക്കാന്‍ കൂട്ടുനിന്ന ജില്ലയിലെ പോലീസ് സംവിധാനം അതേ രീതിയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. കൊലപാതികകളുടെ നേതാക്കളാണ് യോഗത്തിനിരിക്കുന്നത്. അവരുമായി ചര്‍ച്ചയ്ക്കില്ല”. ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി പറഞ്ഞു.
മന്‍സൂറിന്റെ കബടക്കം കഴിഞ്ഞുമടങ്ങിയ പ്രവര്‍ത്തകരെ ചില ഓഫീസുകള്‍ ആക്രമിച്ചുവെന്ന് പറഞ്ഞ് പോലീസ് വളഞ്ഞിട്ട് നിഷ്ഠൂരമായി മര്‍ദ്ദിച്ചുവെന്നും, തലപൊട്ടി മാരകമായി പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും പോലീസ് തയ്യാറായില്ലെന്നും, പോലീസ് സ്റ്റേഷനില്‍ ചെന്ന പ്രവര്‍ത്തകരെ ഇറക്കിവിട്ടുവെന്നും നേതാക്കള്‍ പറഞ്ഞു.
Discussion about this post