കൊച്ചി: ഭൂവുടമയായ വയോധികയുടെ പേരില്‍ വ്യാജ ഹര്‍ജി നല്കി കേരളാ ഹൈക്കോടതിയെയും മുട്ടില്‍ മരം മുറി കേസിലെ മുഖ്യപ്രതികള്‍ കബളിപ്പിച്ചു. ഹര്‍ജി നല്കിയ കാര്യം അറിയുന്നതുപോലും ഇപ്പോഴാണെന്നു ഭൂവുടമയായ രാധ പറഞ്ഞു.
വാഴവറ്റ ചെപ്പോട്ട് വീട്ടില്‍ രാധയുടെ പേരില്‍ തന്റെ പറമ്പില്‍നിന്ന് മുറിച്ച ഈട്ടിമരങ്ങള്‍ നീക്കം ചെയ്യുന്നതിനു വേണ്ടി പാസ് നല്കാന് വനം വകുപ്പിനോട് നിര്‍ദേശിക്കണമെന്ന റിട്ട് ഹര്‍ജി ഫെബ്രുവരി 22നു കേരളാ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ താന്‍ ഇങ്ങനെയൊരു ഹര്‍ജി നല്‍കിയിട്ടില്ലെന്നാണ് രാധയുടെ വെളിപ്പെടുത്തല്‍.
പ്രതി റോജി അഗസ്റ്റിന് തന്റെ പറമ്പിലെ രണ്ട് ഈട്ടിമരങ്ങള്‍ വാങ്ങിയപ്പോള്‍ വില്ലേജ് ഓഫിസിലേക്ക് എന്ന് പറഞ്ഞ് രണ്ടിടത്ത് ഒപ്പിട്ടുവാങ്ങിയതല്ലാതെ ഇത്തരത്തില്‍ ഒരു ഹര്‍ജി തന്റെ പേരില്‍ ഹൈക്കോടതിയിലെത്തിയതായി അറിയുന്നതുപോലും ഇപ്പോഴാണെന്ന് രാധ പറയുന്നു. അപേക്ഷകളിലെ ഒപ്പുകള്‍ തന്റെതല്ലെന്ന് ഇവര്‍ ഉറപ്പിച്ചുപറയുന്നു. രാധയുടെ പേരില്‍ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മാര്‍ച്ച് മൂന്നിന് കോടതി ഉത്തരവുണ്ടായി. ഹര്‍ജിക്കാരിയുടെ അപേക്ഷയില്‍ രണ്ടു മാസത്തിനകം തീരുമാനമെടുക്കണമെന്നു മാത്രമായിരുന്നു ഡിഎഫ്ഒയ്ക്ക് കോടതിയുടെ നിര്‍ദേശം.
രാധയുള്‍പ്പെടെയുള്ള ഭൂവുടമകളുടെ പേരില്‍ വനംവകുപ്പിലും വിവിധ സര്‍ക്കാര്‍ ഓഫിസുകളിലും നല്കിയ അപേക്ഷകളും വ്യാജമാണെന്നാണ് വെളിപ്പെടുത്തല്‍. മുട്ടില്ക്കേസ് പ്രതികള്‍ നീതിപീഠത്തെവരെ കബളിപ്പിച്ചു എന്ന ഗൗരവതരമായ വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവന്നത്.
Discussion about this post